ചെങ്ങന്നൂരില്‍ മത്സിരിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് ശ്രീധരന്‍ പിള്ള

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന ചാനല്‍ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍പിള്ള. അങ്ങനെയൊന്ന് ഇതുവരെ താനോ, പാര്‍ട്ടിയോ തീരുമാനിച്ചിട്ടില്ല.
ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ഥാനമാനങ്ങളുടെ പിറകെ പോയിട്ടില്ല, ഇനി പോകുകയുമില്ല. എനിക്ക് അതാവണം, ഇതാവണം എന്നുപറഞ്ഞ് പാര്‍ട്ടി നേതൃത്വത്തെ ഇതുവരെ സമീപിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. അവര്‍ വെറുതെ വാര്‍ത്ത മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നൂറു പുസ്തകങ്ങള്‍ രചിച്ചതുമായി ബന്ധപ്പെട്ടാണ് ചാനലുകാര്‍ ഇന്റര്‍വ്യൂവിന് വന്നത്. വാര്‍ത്താക്ഷാമം പരിഹരിക്കാന്‍ അവര്‍ ഇന്റര്‍വ്യു വളച്ചൊടിച്ചതാണ്. പാര്‍ട്ടിയാണ് തനിക്കെല്ലാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള മത്സരിക്കുമെന്നായിരുന്ന രാവിലെ ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

SHARE