ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി രണ്ടാമന്‍, ഒന്നാമത് ബിജെപി മുഖ്യമന്ത്രി, കോടീശ്വരന്‍മാരുടെ പട്ടികയിലും സ്ഥാനംപിടിച്ചു പിണറായി

തിരുവനന്തപുരം: കേരളത്തിന് ‘അഭിമാന’നേട്ടവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും അധികം കേസുകളുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാമതാണ് പിണറായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 11 കേസുകളാണ് അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 10 കേസുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇതില്‍ നാലെണ്ണം ഗുരുതരമായ കേസുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടിരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.

ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റിയും ഡെമോക്രാറ്റിക് റൈറ്റ്സ് പഠനം നടത്തി. രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 177 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഈ പട്ടികയിലെ ഒന്നാമന്‍. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമത്തെ കോടീശ്വര മുഖ്യന്‍. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular