ഐ.എസ്.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ സുബ്രതാ പാല്‍!!

ഐഎസ്എല്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി 20 ക്ലീന്‍ ഷീറ്റ് തികയ്ക്കുന്ന കളികാരനായി ഇന്ത്യന്‍ സ്പൈഡര്‍മാനെന്നറിയപ്പെടുന്ന ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍. നാലാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ താരമായ സുബ്രതാ പാല്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ വഴങ്ങാതിരുന്നതോടെയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.

നിലവില്‍ 20 ക്ലീന്‍ ഷീറ്റുകളുള്ള സുബ്രതാ പാല്‍ ഈ സീസണില്‍ മാത്രം 7 തവണയാണ് ഗോള്‍ വഴങ്ങാതെ കളി പൂര്‍ത്തിയാക്കിയത്. മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലൗവ് അവാര്‍ഡിലും നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് സുബ്രതാ പാലാണ്. 11 ക്ലീന്‍ ഷീറ്റുകള്‍ വീതം അക്കൗണ്ടിലുള്ള മലയാളി ഗോള്‍ കീപ്പര്‍ ടിപി രഹനേഷും, മുന്‍ വര്‍ഷങ്ങളില്‍ എടികെ, ചെന്നൈയിന്‍സ്, എഫ്സി പുണെ സിറ്റി എന്നിവരുടെ വല കാത്ത അപ്പോളോ എഡലുമാണ് ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ നേടിയ കാര്യത്തില്‍ ഇന്ത്യന്‍ സ്പൈഡര്‍മാന് പിന്നില്‍ നില്‍ക്കുന്നത്.

ഐഎസ്എല്ലില്‍ തന്റെ മൂന്നാം ടീമിലാണ് നിലവില്‍ സുബ്രതാ പാല്‍ കളിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് സീസണുകളില്‍ മുംബൈ സിറ്റി എഫ്സിയുടെ താരമായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റിന്റെ വല കാത്തു. ഈ വര്‍ഷത്തെ ഐഎസ്എല്ലില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരിന്റെ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഗോള്‍ വലയ്ക്ക് മുന്നിലെ ഈ മുപ്പത്തിയൊന്നുകാരന്റെ മിന്നും പ്രകടനമാണെന്നതില്‍ യാതൊരു സംശയവുമില്ല.

SHARE