‘മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അങ്ങ് ഓര്‍ക്കണം’ ‘മങ്കി ബാത്തോ അതോ മന്‍ കി ബാത്തോ’ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി

കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. ഹാസ്യതാരങ്ങള്‍ സംസാരിക്കുന്നത് പോലെയാണ് മോദി സംസാരിക്കുന്നതെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെവരെ പരിഹസിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും രാജ്ദീപ് കോഴിക്കോട് കേളാ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പഞ്ഞു.

‘ചിലരെ ജേഴ്സി പശുവെന്നും സോണിയാ ഗാന്ധിയെ ഇറ്റാലിയന്‍ എന്നും അപഹസിക്കുന്നത് വഴി മിമിക്രി കാണിക്കുകയാണ് മോദി. മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അങ്ങ് ഓര്‍ക്കണം’. അദ്ദേഹം പറഞ്ഞു. കെ.എല്‍.എഫില്‍ ‘ക്രിക്കറ്റിങ് നാഷണലിസം’ എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാക്കളുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

സ്വയം ഉയരുന്നതിനു പകരം ഗട്ടറിലേക്കു അധപ്പതിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. നേരത്തെ നാം അഞ്ച് നമുക്ക് ഇരുപത്തഞ്ച് എന്ന മുസ്ലിം ജനവിഭാഗത്തെ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം അധിക്ഷേപിച്ചത്. ഫലസ്തീനില്‍ വരെ പോയി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി മുസ്ലിംങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പ്രസ്താവന നടത്തുന്ന വിനയ് കത്യാറിനെതിരെ മിണ്ടാന്‍ അശക്തനാണ്.

ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധ പുസ്തകമായി കാണുന്ന മോദി വിനയ് കത്യാറിനെപ്പോലുള്ളവരോട് വായടക്കാന്‍ പറയണം. ചെറുവിരല്‍ അനക്കാന്‍ കഴിവില്ലാത്ത അദ്ദേഹം മിമിക്രി കാണിക്കുകയാണെന്നും സര്‍ദേശായി വിമര്‍ശിച്ചു.

മന്‍ കി ബാത്തിനെക്കുറിച്ച് ചോദ്യം ചോദിച്ചയാളോട് പ്രതികരിച്ച സര്‍ദേശായി ‘നിങ്ങള്‍ മങ്കി ബാത്തിനെക്കുറിച്ചാണോ അതോ മന്‍ കി ബാത്തിനെക്കുറിച്ചാണോ’ ചോദിക്കുന്നതെന്നും ചോദിച്ചു. ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലെന്നും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ് പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ മന്‍കി ബാത്തെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular