സി.കെ വിനീതിന്റെ ചിറകിലേറി ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

പുണെ: ഇന്‍ജുറി ടൈമില്‍ മലയാളി താരം സി.കെ. വിനീത് നേടിയ മിന്നും ഗോളില്‍ എസ്.സി പൂണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പുണെയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തില്‍ വിനീതിന്റെ തകര്‍പ്പന്‍ ഗോളാണ് ബ്‌ളാസ്‌റ്റേഴ്‌സിന് തുണയായത്. ഇതോടെ 14 മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ബ്ലാസ്റ്റേഴ്സിനായി ജാക്കിചന്ദ് സിങ്ങാണ് (57) ആദ്യ ഗോള്‍ നേടിയത്. എമിലിയാനോ അല്‍ഫാരോ ആണ് 78ാം മിനിറ്റില്‍ പുണെയ്ക്ക് വേണ്ടി ഗോളടിച്ചത്. ഗോള്‍കീപ്പര്‍ സുഭാശിഷ് റോയിയുടെ പിഴവില്‍നിന്ന് ലഭിച്ച പെനല്‍റ്റി മുതലെടുത്തായിരുന്നു അല്‍ഫാരോയുടെ ഗോള്‍. ഇതിനു പിന്നാലെയായിരുന്നു ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ വിനീത് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്.

ഐസ്ലന്‍ഡ് താരം ഗുഡ്യോന്‍ ബാല്‍ഡ്വിന്‍സന്റെ പാസില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ പിറന്നത്. ബോക്സിനു തൊട്ടുപുറത്തുനിന്നും ബാല്‍ഡ്വിന്‍സണ്‍ പന്ത് ജാക്കചന്ദ് സിങ്ങിനു നല്‍കി. ക്രോസ് പിടിച്ചെടുത്ത ജാക്കി തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് പുണെ വലയിലെത്തിച്ചു. പുണെ ആരാധകര്‍ നിശബ്ദരായ നിമിഷം. സ്‌കോര്‍ 1-0. എന്നാല്‍ 78ാം മിനിറ്റില്‍ പുണെയുടെ സമനില ഗോളെത്തി. പന്തുമായി ബോക്സിലേക്കെത്തിയ അല്‍ഫാരോയെ തടയുന്നതിനിടെ ഗോളി സുഭാശിഷ് റോയിക്കു പിഴച്ചു. പുണെ താരത്തെ വീഴ്ത്തിയതിന് റഫറി അവര്‍ക്ക് അനുകൂലമായി പെനല്‍റ്റി വിളിച്ചു. പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നു സുഭാശിഷ് റോയ് വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ ഭംഗിയായി പന്തു ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്കു തട്ടിയിട്ടു. സ്‌കോര്‍ 1-1

93ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ പിറന്നു. അതുവരെ അലസനായി കളിച്ച വിനീത് ഒരു മിനിറ്റു കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസിലാണ് ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ നേടിയത്. പുണെ ബോക്സിനു പുറത്ത് പന്തു നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പായിച്ചു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയില്‍. ഡേവിഡ് ജയിംസിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് വിനീത് മൈതാനം വിട്ടത്.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഇയാന്‍ ഹ്യൂമിനും സി.കെ.വിനീതിനും അവസരങ്ങള്‍ പലതു ലഭിച്ചെങ്കിലും ഒന്നും ഗോളിലെത്തിക്കാനായില്ല. കളിയുടെ ആദ്യ 10 മിനിറ്റില്‍ ശക്തമായ ആക്രമണവുമായി പുണെ ഗോള്‍മുഖം വിറപ്പിച്ചാണു ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഇരുടീമുകവും ആക്രമിച്ചു കളിച്ചതോടെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി. സമനില വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര വീണ്ടും പതറി. ലീഡെടുക്കാനുള്ള സമയമുണ്ടായിരുന്നെങ്കിലും അധിക സമയത്താണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular