ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുവര്‍ഷാഘോഷം സങ്കടകടലില്‍; സീസണിലെ ആദ്യ തോല്‍വി വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കുക എന്ന ലക്ഷ്യത്തോടെ എത്തിയ മഞ്ഞപ്പടയ്ക്ക് നാണം കെട്ട തോല്‍വി. ആരാധകരെ കണ്ണീരിലാഴ്ത്തിയ മഞ്ഞപ്പട മൂന്ന് ഒന്നിന് തോല്‍വി ഏറ്റവുവാങ്ങികയായിരുന്നു. സ്വന്തം തട്ടകത്തില്‍, ആര്‍ത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നില്‍ നാണംകെട്ട തോല്‍വിയാണ് പുതുവര്‍ഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.
ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലാണ് ബെംഗളൂരു ആദ്യം ലീഡ് നേടിയത്. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്.
മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പിന്നീടുള്ള ഗോള്‍മഴ. തൊണ്ണൂറാം മിനിറ്റില്‍ ഇരട്ട ഗോളോടെ മിക്കു ആതിഥേയരെ ശരിക്കും നാണംകെടുത്തി. പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന നിമിഷങ്ങളില്‍ അവിശ്വസനീയമായ രീതിയിലായിരുന്നു മിക്കുവിന്റെ ഗോളുകള്‍.
അവസാന വിസിലിന് തൊട്ടു മുന്‍പ് പെക്യുസണ്‍ ഒരു ഗോള്‍ മടക്കി നേരിയ ആശ്വാസം സമ്മാനിച്ചു ബ്ലാസ്റ്റേഴ്‌സിന്.

SHARE