രാജുവേട്ടന്‍… ഇങ്ങള് മുത്താണ്… ഈ പാറു ഉള്ളത് കൊണ്ട് നമ്മള്‍ ഇതു അങ്ങ് ഡിസ്‌ലൈക്ക് അടിക്കുന്നു… പിന്നെ തിയേറ്ററില്‍ നിന്നും കാണില്ല കേട്ടോ… മൈസ്‌റ്റോറിയുടെ മേക്കിംഗ് വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റാണ്. പാര്‍വ്വതിക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
കേസും അറസ്റ്റും കൊണ്ടൊന്നും നടി പാര്‍വതിക്കെതിരായ ആക്രമണത്തിന് യാതൊരു കുറവുമില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങള്‍ക്ക് പുറമെ എതിര്‍പ്പ് പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ ‘മൈ സ്‌റ്റോറി’യിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോള്‍ ഒരു വിഭാഗം രോഷം തീര്‍ക്കുന്നത്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ് ലൈക്കുകള്‍ നല്‍കിയാണ് ആക്രമണം നടക്കുന്നത്. കൂടുതല്‍ പേരെ ഡിസ് ലൈക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും ആക്രമണം ശക്തമാണ്. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ് ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

വീഡിയോയ്ക്ക് താഴെയും പാര്‍വതിക്കെതിരെയുള്ള കമന്റുകളാണ്. ഈ ഡിസ് ലൈക്കുകള്‍ ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെയാണെന്ന് വ്യക്തമാക്കിയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും അതിനാല്‍ പൃഥ്വിരാജിനോട് ക്ഷമ ചോദിച്ചിരിക്കുന്നവരും ഉണ്ട്. കൂടാതെ ചിത്രത്തിന്റെ റിലീസ് കുറച്ചു കാലത്തേയ്ക്ക് നീട്ടിവെയ്ക്കാന്‍ ഉപദേശിക്കുന്നവരും ഉണ്ട്.

SHARE