ആരാധകര്‍ക്ക് പുതുവര്‍ഷസമ്മാനം നല്‍കാന്‍ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : ആരാധകര്‍ക്ക് പുതുവര്‍ഷസമ്മാനം നല്‍കാന്‍ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരുവിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വളരെ പ്രത്യേകതകളുള്ളതാണെന്ന് ബ്ലാസ്റ്റേഴ്സ് മാനേജര്‍ റെനെ മ്യൂളസ്റ്റീന്‍. ഒരു ഡെര്‍ബിയുടെ എല്ലാ വികാരങ്ങളും പകരുന്ന മത്സരത്തില്‍ വിജയിക്കാന്‍ തന്നെയാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെന്ന് റെനെ വ്യക്തമാക്കി.
ചെന്നൈയിനെതിരായ മത്സരത്തിലെ അവസാന നിമിഷത്തിലെ ഗോള്‍ ബ്ലാസ്റ്റേഴ്സ് ടീമിനു മികച്ച ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നും മത്സരത്തില്‍ ജയിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നെങ്കിലും സമനിലയെങ്കിലും ലഭിച്ചില്ലെങ്കില്‍ ടീമിനത് വന്‍ തിരിച്ചടിയാകുമായിരുന്നുവെന്നും റെനെ പറഞ്ഞു.
ആരാധകര്‍ക്ക് പുതുവര്‍ഷാഘോഷത്തിനുള്ള ജയം സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും റെനെ പറഞ്ഞു.
അതേസമയം ഇയാന്‍ ഹ്യൂം ഈ മത്സരത്തിലും ആദ്യ ഇലവനിലുണ്ടാവില്ലെന്ന സൂചനകളാണ് റെനെ നല്‍കിയത്. ബെര്‍ബറ്റോവ് കളിക്കുമോ എന്ന കാര്യവും റെനെ ഉറപ്പു പറഞ്ഞില്ല. മലയാളി താരം റിനോ ആന്റോയും പരിക്കു മൂലം മത്സരത്തില്‍ പങ്കെടുക്കില്ല.
ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരം. അതേസമയം പുതുവര്‍ഷത്തലേന്ന് നടക്കുന്ന മത്സരമായതിനാല്‍ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 5.30നാണ് മത്സരത്തിന്റെ കിക്കോഫ് എങ്കിലും വൈകിയെത്തിയാല്‍ കളികാണാന്‍ അവസരം ലഭിക്കില്ല. ആറ് മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ അടക്കും. അതിന് മുമ്പ് മാത്രമായിരിക്കും കാണികള്‍ക്ക് അകത്തേക്കുള്ള പ്രവേശനം. ടിക്കറ്റുണ്ടെങ്കിലും ആറ് മണിക്കു ശേഷം സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരാധകരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങും.
അതേസമയം, കളികാണാനെത്തുന്ന ആരാധകര്‍ ബാഗുകള്‍ ഒപ്പം കരുതുന്നതിനും വിലക്കുണ്ട്. അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോഴും ഇത്തരം സുരക്ഷയൊരുക്കിയിരുന്നു. മത്സര ദിവസം ബോക്സ് ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നും ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കത്രിക്കടവ് ബ്രാഞ്ചു വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഫിന്‍കോര്‍പ്പ് എം ജി റോഡ് ബ്രാഞ്ച് വഴി റെഡീം ചെയ്ത് ടിക്കറ്റാക്കി മാറ്റാവുന്നതാണെന്നും സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

SHARE