രജനിയും കമലും ഒന്നിക്കും.., തമിഴര്‍ക്ക് ഇനി പുതുയുഗം?

സ്വന്തം ലേഖകന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷട്രീയപ്രവേശനമാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍നിന്ന് ഒരു മാറ്റം തമിഴ് ജനത ആഗ്രഹിക്കുന്നുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് രജനിയുടെ രംഗപ്രവേശം. ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന രജനിയുടെ മാസ് ഡയലോഗ് തമിഴര്‍ക്ക് ആവേശം കൊള്ളിക്കുന്നതാണ്. രാഷ്ട്രീയത്തിലും സ്‌റ്റൈല്‍ മന്നന്‍ തിളങ്ങുമെന്നാണ് പൊതുവേ വിലയിരുത്തലെങ്കിലും നിരവധി വിമര്‍ശനങ്ങളും രജനിക്കെതിരേ ഉയരുന്നുണ്ട്.
ഇതിനൊപ്പം ജനങ്ങള്‍ ഉറ്റുനോക്കുന്ന മറ്റൊരു കാര്യമാണ് കമല്‍ഹാസന്റെ നിലപാട്. രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സ്ഥിതിക്ക് കമല്‍ എന്ത് നിലാപാടെടുക്കുമെന്നാണ് ഏവരും ചിന്തിക്കുന്നത്. ഇതിനകം തന്നെ രജനിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് കമല്‍ഹസന്‍ രംഗത്തെത്തിയിട്ടുണ്ട്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ‘അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’ എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്.. ഞായറാഴ്ച നടന്ന ആരാധക സംഗമത്തിലാണ് തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച പ്രഖ്യാപനം രജനി നടത്തിയത്.
രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കമല്‍ഹാസനും നേരത്തെ സൂചന നല്‍കിയിരുന്നു. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നില നില്‍ക്കുന്നതിനിടെ കമലും രജനിയും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിലൂടെ കമലും രജനിയും ഒന്നിച്ചു നില്‍ക്കുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍നിന്നുള്ള സൂചന. നിലവിലെ രാഷ്ട്രീയ ശക്തികളെ വെല്ലുവിളിക്കാന്‍ ഇതോടെ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

പ്രകാശ് രാജും അടുത്തിടെയായി രാഷ്ട്രീ വിമര്‍ശനങ്ങളും മറ്റും നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി കൊണ്ടാവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമെന്നാണ് സൂചന ഉയരുന്നത്. കൂടാതെ തല അജിത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന ആവശ്യവും നേരത്തെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നുവന്നതായിരുന്നു. പക്ഷേ ഇതില്‍നിന്നും വ്യ്കതമായ മറുപടി പറയാതെ മാറിനിന്നതോടെ ഇനിയുള്ള അജിത്തിന്റെ നിലപാടും നിര്‍ണായകമാകും.

അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ചുകൊണ്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയം രജനീകാന്തിന് പറ്റിയ പണിയല്ലെന്നും അത് അദ്ദേഹത്തിന് ദോഷംചെയ്യുമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മാധ്യമഘോഷം മാത്രമാണെന്നും രജനീകാന്ത് ഇക്കാര്യത്തില്‍ നിരക്ഷരനാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താന്‍ രാഷ്ടീയത്തിലേയ്ക്ക് പ്രവേശിക്കുന്നു എന്നു മാത്രമാണ് രജനീകാന്ത് പറഞ്ഞത്. മറ്റു വിശദാംശങ്ങളൊന്നും വ്യക്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. രാഷ്ട്രീയ കാര്യത്തില്‍ അദ്ദേഹം നിരക്ഷരനാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

ജയലളിതയുടെ മരണത്തോടെയാണ് തമിഴക രാഷ്ട്രീയത്തില്‍ താരപ്രവേശനത്തിന് പുതുതായി അരങ്ങൊരുങ്ങുന്നതെങ്കിലും രജനീകാന്ത് തന്റെ രാഷ്ട്രീയത്തിലേയ്ക്കുള്ള കടന്നുവരവ് മുന്‍പേതന്നെ കണക്കുകൂട്ടിയിരുന്നു എന്നുവേണം കരുതാന്‍. രാഷ്ട്രീയം അത്ര എളുപ്പമല്ലെന്നും എന്നാല്‍ ദൈവഹിതമാണെങ്കില്‍ തനിക്കിത് അസാധ്യമാണെന്ന് കരുതുന്നില്ലെന്നും മൂന്നുവര്‍ഷങ്ങള്‍ മുന്‍പ് ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു. 1996ല്‍ എ.ഐ.എ.ഡി.എം.കെ.ക്ക് എതിരെ പരസ്യമായി നിലപാടെടുത്ത അന്നുമുതല്‍ ആരാധകര്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിച്ചതാണ്.
കഴിഞ്ഞ മേയ് മാസത്തില്‍ കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ ആരാധക സംഗമം രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമായി അന്നേ വിലയിരുത്തപ്പെട്ടിരുന്നു. ആരാധക സംഗമത്തിലൂടെ രജനീകാന്ത് ചെയ്തത് തന്റെ രാഷ്ട്രീയപ്രവേശനത്തിനുള്ള വിപുലമായ ചര്‍ച്ചകളിലേക്ക് ജനങ്ങളെ വഴിതിരിച്ചുവിടുകയായിരുന്നു. ‘യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാ’മെന്ന ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അന്ന് രജനി സംഗമം അവസാനിപ്പിച്ചത്.

രണ്ടാം ഘട്ടത്തില്‍ ചെന്നൈയില്‍ നടന്ന ആരാധകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഉറച്ച നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയപ്രവേശം സംബന്ധിച്ച തന്റെ നിലപാട് 31ന് അറിയിക്കാമെന്ന് ചൊവ്വാഴ്ച കൂടിക്കാഴ്ച തുടങ്ങിയപ്പോള്‍ രജനി അറിയിച്ചിരുന്നു. ആദ്യമായാണ് അദ്ദേഹം ഇക്കാര്യം അറിയിക്കാന്‍ മുന്‍കൂട്ടി തീയതി പ്രഖ്യാപിക്കുന്നത്. ‘നാലുദിവസംകൂടി ക്ഷമയോടെ കാത്തിരിക്കൂ’ കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ആരാധകസംഗത്തിനിടെ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോടായി രജനി പറഞ്ഞിരുന്നു. ആരാധകരുടെ ഉയരുന്ന പ്രതീക്ഷകള്‍ക്കൊടുവിലുണ്ടായ പ്രഖ്യാപനത്തെ കനത്ത കരഘോഷത്തോടെയാണ് രജനി ആരാധകര്‍ വരവേറ്റത്.

ആരാധകരുടെ ആവേശം വാനോളം ഉയരുമ്പോഴും രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കാണ് രാഷ്ട്രീയ രംഗം കാതോര്‍ക്കുന്നത്. ബിജെപിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലും രാഷ്ട്രീയത്തില്‍ ഏതു പക്ഷത്ത് നിലയുറപ്പിക്കും എന്ന കാര്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നില്ല. ദ്രാവിഡ കക്ഷികള്‍ക്ക് ബദല്‍ എന്ന വാദവുമായി രംഗത്തുവന്ന ബി.ജെ.പി.ക്ക് പണി പതിനെട്ടും പയറ്റിയിട്ടും തമിഴകത്തില്‍ സ്വാധീന ശക്തിയായി തീരാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രജനീകാന്ത് അവരുടെ പ്രതീക്ഷയാകുന്നത്.

രജനീകാന്തിന്റെ താരപ്രഭാവം രാഷ്ട്രീയത്തില്‍ എത്രത്തോളം തിളങ്ങുമെന്ന കാര്യവും പലരെയും സംശയാലുവാക്കുന്നുണ്ട്. എം.ജി.ആറിനെയും ജയലളിതയെയുംപോലെ സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തി ശോഭിക്കാന്‍ സാധിക്കുന്ന ഒരു കാലഘട്ടമല്ല ഇപ്പോഴുള്ളത്. വെള്ളിത്തിരയിലെ സ്‌നേഹം രാഷ്ട്രീയത്തില്‍ എത്തിയാല്‍ ഉണ്ടാകണമെന്നില്ല. രാഷ്ട്രീയത്തിലേക്കുവന്നാല്‍ പല കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. കൂടുതല്‍ ശത്രുക്കളെ ക്ഷണിച്ചുവരുത്തേണ്ടിവരും. ഏതാനും വര്‍ഷംമുമ്പ് സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ വിജയകാന്തിന്റെ ഉയര്‍ച്ചയുടെയും വീഴ്ചയുടെയും അവസ്ഥയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ജയലളിതയുടെയും കരുണാനിധിയുടെയും ഇപ്പോള്‍ സ്റ്റാലിന്റെയും വ്യക്തിപ്രഭാവത്തോട് മത്സരിക്കാന്‍ കഴിവുള്ള നേതാവില്ലെന്നതായിരുന്നു ബിജെപി നേരിട്ടുവരുന്ന പ്രധാന പ്രതിസന്ധി. ഇതിനു പരിഹാരം കാണാന്‍ രജനീകാന്തിനു കഴിയുമെന്ന കണക്കുകൂട്ടലില്‍ അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി. സര്‍വതന്ത്രവും പുറത്തെടുക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രജനിയെവെച്ച് തമിഴകം കീഴടക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. എന്നാല്‍, തമിഴ്‌നാട്ടില്‍ ദ്രാവിഡപാര്‍ട്ടികളുടെ ശക്തി മറ്റാരേക്കാളും തിരിച്ചറിയുന്നതുകൊണ്ടുതന്നെ രജനി ഈ ബാന്ധവത്തിന് മുതിരില്ലെന്നു കരുതുന്നവരും കുറവല്ല.

SHARE