മത്സരത്തിനിടയില്‍ സുശീല്‍കുമാറിനെ പ്രവീണ്‍ റാണ കടിക്കുകയും തലക്ക് ഇടിക്കുകയും ചെയ്യ്തു, ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ ഇടി:വീഡിയോ വൈറല്‍

ഡല്‍ഹി: 2018ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് സുശീല്‍ കുമാര്‍ യോഗ്യത നേടിയതിന് പിന്നാലെ ആരാധകര്‍ തമ്മില്‍ കയ്യാങ്കളി. ഡല്‍ഹിയിലെ കെ.ഡി ജാദവ് സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തിന് ശേഷമാണ് സുശീല്‍ കുമാറിന്റെയും പ്രവീണ്‍ റാണയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റമുട്ടിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ പ്രവീണ്‍ റാണയും സുശീല്‍ കുമാറും ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തിനിടയില്‍ പ്രവീണ്‍ റാണ, സുശീലിനെ കടിക്കുകയും തലക്ക് ഇടിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ സുശീലിന്റെ ആരാധകരാണ് കയ്യാങ്കളിക്ക് തുടക്കമിട്ടത്.

അതേസമയം സുശീലിന്റെ ആരാധകരായ ചിലര്‍ തന്നെ കൊല്ലുമെന്നും വരുന്ന പ്രോ റെസ്ലിങ് ലീഗില്‍ പ്രവീണിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പ്രവീണിന്റെ സഹോദരന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി.സംഭവത്തില്‍ പ്രതികരണവുമായി സുശീല്‍ കുമാറും രംഗത്തെത്തി. പ്രവീണ്‍ തന്നെ കടിച്ചതില്‍ പ്രശ്നമില്ലെന്നും ഞാന്‍ മികച്ച പ്രകടനം നടത്തുന്നത് തടയാനുള്ള പ്രവീണിന്റെ തന്ത്രമായിരിക്കും അതെന്നും സുശീല്‍ വ്യക്തമാക്കി. ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനോട് യോജിക്കാനാകില്ലെന്നും അതിനെ അപലപിക്കുന്നുവെന്നും സുശീല്‍ പറഞ്ഞു.

74 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദ്ര കുമാറിനെ തോല്‍പ്പിച്ചാണ് സുശീല്‍ യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്ന സുശീല്‍ ഇത്തവണ ഹാട്രിക് പ്രതീക്ഷിച്ചാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നത്.

SHARE