പാരീസിലേക്കു കടത്തിയ 22 ഇന്ത്യന്‍ കൗമാരക്കാരെ കാണാതായി; സ്‌കൂള്‍ വിദ്യാര്‍ഥികളെ കടത്തിയത് റഗ്ബി പരിശീലിപ്പിക്കാനെന്ന പേരില്‍

ന്യൂഡല്‍ഹി: റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 22 ഇന്ത്യന്‍ കൗമാരക്കാരെ കാണാതായ സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് റഗ്ബി പരിശീലനം നല്‍കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയത്.

പരിശീലനത്തിനായി ഫ്രാന്‍സില്‍ എത്തിച്ച കുട്ടികളെപ്പറ്റി കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു വിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് സംഭവം സിബിഐ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഫ്രാന്‍സിലേക്ക് അയച്ച ട്രാവല്‍ ഏജന്റുമാരുടെ ഓഫീസുകളില്‍ സിബിഐ പരിശോധന നടത്തി. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയി, വരുണ്‍ ചൗധരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

13-നും 18നും ഇടയില്‍ പ്രായമുള്ള 25 കുട്ടികളെയാണ് ഫ്രാന്‍സിലേക്ക് കയറ്റി അയച്ചത്. കൗമാരക്കാരെ വിദേശത്തേക്ക് അയയ്ക്കാന്‍ ഇവരുടെ മാതാപിതാക്കളില്‍നിന്ന് 25-30 ലക്ഷം രൂപയാണ് ഏജന്റുമാര്‍ വാങ്ങിയത്. പാരീസില്‍ റഗ്ബി പരിശീലനം എന്നായിരുന്നു കുട്ടികളുടെ വീസ ആപ്ലിക്കേഷനില്‍ ഏജന്റുമാര്‍ രേഖപ്പെടുത്തിയത്. പാരീസിലെത്തിയ 25 അംഗ സംഘം ഒരാഴ്ച റഗ്ബി പരിശീലനം നടത്തി. ഇതിനുപിന്നാലെ ഏജന്റുമാര്‍ കുട്ടികളുടെ റിട്ടേണ്‍ ടിക്കറ്റ് റദ്ദു ചെയ്തു.

കടത്തിയ 25 കുട്ടികളില്‍ രണ്ടുപേര്‍ തിരിച്ച് നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം പോയ ബാക്കിയുള്ളവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കപുര്‍ത്തല സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് കാട്ടിയാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഈ കുട്ടികള്‍ ഇവിടെ പഠിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ സിബിഐയെ അറിയിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കുട്ടികളെ കാണാതായതു സംബന്ധിച്ച് ഇതേവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ വക്താവ് അറിയിച്ചു.

2016 ഫെബ്രുവരി ഒന്നിനാണ് കുട്ടികള്‍ ഫ്രാന്‍സിലേക്ക് പോയത്. ഫ്രഞ്ച് ഫെഡറേഷന്റെ ക്ഷണം ലഭിച്ചെന്ന് കാണിച്ചായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിധരിപ്പിച്ചിരുന്നത്.

SHARE