ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശുക്രിസ്തു ചാട്ടവാര്‍ എടുത്തു; സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടിനെതിരേ യാക്കോബായ സഭ

കൊച്ചി: സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വിറ്റ് നഷ്ടമുണ്ടായ സംഭവത്തില്‍ വിമര്‍ശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇന്ന് ക്രൈസ്തവ സഭകളില്‍ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണെന്നും പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങളാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശു ക്രിസ്തു ചാട്ടവാര്‍ എടുത്തത് സഭകള്‍ ഓര്‍ക്കേണ്ടതാണ്. ‘നിങ്ങള്‍ക്ക് സമ്പത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാന്‍ കഴികയില്ല’ എന്ന ക്രിസ്തു പ്രബോധനവും സഭകള്‍ നഷ്ടപ്പെടുത്തുന്നു. ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വര്‍ദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂമികള്‍ ചുളുവിലയ്ക്ക് വിറ്റതിന് പിന്നില്‍ അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും പങ്കുണ്ടെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയെ സമീപിക്കാനാണ് വൈദികരുടെ തീരുമാനം. ഭൂമി വില്‍പ്പന സംബന്ധിച്ച് സഭാവേദികളില്‍ ചര്‍ച്ച നടത്തിയില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.

SHARE