വീണ്ടും കടമെടുക്കുന്നു; ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും; ക്ഷേമ പദ്ധതികള്‍ ചുരുക്കില്ല

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേരളത്തിന് ഇനി പൊതുവിപണിയില്‍നിന്ന് കടമെടുക്കാം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തടസ്സംനീങ്ങിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജനുവരിയില്‍ 6,100 കോടി രൂപകൂടി കടമെടുക്കും. ട്രഷറി നിയന്ത്രണങ്ങള്‍ ജനുവരി രണ്ടാംവാരം പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പണം കിട്ടിയാലും സാമ്പത്തിക വര്‍ഷാവസാനത്തെ എല്ലാ ചെലവുകള്‍ക്കും തികയില്ലെന്ന് മന്ത്രി പറഞ്ഞു. ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടിവരും. ഇതെങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ല. ക്ഷേമപദ്ധതികള്‍ ചുരുക്കില്ല. ചില വികസന പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടിവരും അദ്ദേഹം പറഞ്ഞു.
ഈവര്‍ഷം ഇരുപതിനായിരം കോടി കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. അനുവദിച്ചിട്ടും ചെലവാക്കാത്ത 13,000 കോടിയോളം രൂപ വിവിധ വര്‍ഷങ്ങളായി വകുപ്പുകള്‍ ട്രഷറിയിലെ സമ്പാദ്യ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇത് കണക്കിലേയുള്ളൂ. പണമില്ല. ഇങ്ങനെ പൊതു അക്കൗണ്ടില്‍ വന്‍തോതില്‍ പണം മിച്ചം കിടന്നതുകൊണ്ടാണ് വായ്പയെടുക്കുന്നത് കേന്ദ്രം തടഞ്ഞത്. ഇതില്‍ ആറായിരം കോടിരൂപ ട്രഷറിയില്‍നിന്ന് മാറ്റിയതായി കാണിച്ച് അടുത്തിടെ സര്‍ക്കാര്‍ കണക്ക് ക്രമപ്പെടുത്തി. ഈ നടപടി അംഗീകരിച്ചാണ് വീണ്ടും വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. പത്തുവര്‍ഷത്തിനുശേഷം തിരിച്ചുകൊടുക്കേണ്ട കടപ്പത്രങ്ങളിലൂടെ റിസര്‍വ് ബാങ്കുവഴിയാണ് കടമെടുക്കുന്നത്. 89 ശതമാനമാണ് പലിശ. ഇപ്പോള്‍ ട്രഷറികളില്‍ ശമ്പളം, പെന്‍ഷന്‍, ക്ഷേമാനുകൂല്യങ്ങള്‍, സമ്പാദ്യ അക്കൗണ്ടിലെ പണം എന്നിവയൊഴികെ മറ്റെല്ലാം മാറുന്നതിന് നിയന്ത്രണമുണ്ട്. ജനുവരി രണ്ടാംവാരത്തോടെ നിയന്ത്രണങ്ങള്‍ മാറും. കരാറുകാര്‍ക്ക് ബില്‍ ഡിസ്‌കൗണ്ടിങ് രീതിയില്‍ പണം നല്‍കും. 25 ലക്ഷം രൂപയില്‍ക്കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്ന വ്യവസ്ഥ തുടരും. സംസ്ഥാനത്തെ സാമ്പത്തിക മുരടിപ്പ് രൂക്ഷമാണ്. പ്രവാസികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നത് ചെലവുകളെയും ബാധിച്ചു. കമ്പോളത്തില്‍ വില്പനയിടിവുണ്ടായി. നികുതിവരുമാനത്തിലെ വളര്‍ച്ചനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു. ജി.എസ്.ടി.യില്‍ 25 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചാണ് ബജറ്റ് ഉണ്ടാക്കിയത്. കേന്ദ്രത്തിന്റെ നഷ്ടപരിഹാരം ഉള്‍പ്പടെ 14 ശതമാനം വളര്‍ച്ചമാത്രമേ ഇത്തവണ ഉണ്ടാകൂ. ഇതാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഈ ഇടപെടല്‍ സര്‍ക്കാരിന് ഒരു പാഠമാണ്. സാമ്പത്തിക അച്ചടക്കം പാലിച്ചേ ഇനി മുന്നോട്ടുപോകൂ. താത്കാലികമായാണെങ്കിലും ട്രഷറിവഴി വായ്പയെടുത്ത് വികസനത്തിന് ചെലവിടുന്ന നയം സംസ്ഥാനം ഉപേക്ഷിക്കുകയാണ്. ധനക്കമ്മി മൂന്ന് ശതമാനത്തില്‍ത്തന്നെ നിലനിര്‍ത്തും തോമസ് ഐസക്, ധനമന്ത്രി

SHARE