തന്റേടമുണ്ടെങ്കില്‍ മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണം, സംസ്ഥാനസര്‍ക്കാരിനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് പതാകയുയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരെ അന്നു കേസെടുക്കാതെ ജില്ലാ കളക്ടറെ സ്ഥലം മാറ്റുകയാണ് ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.

പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് ചട്ടംലംഘിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ദേശീയപതാകയുയര്‍ത്തിയത്. അന്നു നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. ഇപ്പോള്‍ എന്തു നിയമോപദേശമാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചതെന്ന് വെളിപ്പെടുത്തണമെന്നും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നയമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതെ സ്‌കൂള്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് ഇതിന്റെ തെളിവാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

SHARE