ഐഫോണ്‍ ഉപയോക്താക്കളോട് മാപ്പു പറഞ്ഞ് ആപ്പിള്‍.., ഓഫറും നല്‍കി

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ടെക് ഭീമന്‍മാരായ ആപ്പിള്‍ ഒടുവില്‍ മാപ്പു പറഞ്ഞു. ഐഫോണുകളില്‍ പഴക്കംചെന്ന ബാറ്ററികളുള്ള പ്രകടനമികവും വേഗതയും കുറഞ്ഞത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരക്കെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ അമേരിക്കയിലെ ഉപഭോക്താക്കള്‍ ആപ്പിളിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച് ആപ്പിള്‍ രംഗത്തുവന്നിരിക്കുകയാണ്. വിഷയത്തില്‍ കുറച്ച് തെറ്റിദ്ധാരണകളുണ്ടായെന്ന് ആപ്പിള്‍ ഖേദപ്രകടനത്തില്‍ സൂചിപ്പിച്ചു.
പഴയ ലിഥിയംഅയേണ്‍ ബാറ്ററികളുള്ള മോഡലുകളില്‍ ഐഒഎസ് അപ്‌ഡേഷന്‍ നല്‍കി ഉപഭോക്താക്കള്‍ അറിയാതെയാണ് ആപ്പിള്‍ പ്രൊസസറിന്റെ വേഗത കുറച്ചത്. എത്ര ജോലി കൊടുത്താലും ഹാങ്ങാവാത്ത ഫോണ്‍ പെട്ടെന്നൊരു നിമിഷത്തില്‍ പ്രവര്‍ത്തനം നിലയ്ക്കാന്‍ തുടങ്ങിയത് ഉപഭോക്താക്കളില്‍ വന്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചു. എന്നാല്‍ ഫോണ്‍ പഴയതായെന്ന് വിചാരിച്ച് പുതിയത് വാങ്ങാന്‍ നിര്‍ബന്ധിതരായെന്നുമാണ് ഉപഭോക്താക്കളില്‍ ഭൂരിഭാഗത്തിന്റെയും പരാതി. സംഭവത്തിന് ശേഷം സൗജന്യമായോ വില കുറച്ചോ ബാറ്ററികള്‍ മാറ്റി നല്‍കാന്‍ തയാറാകാതെ ആപ്പിള്‍ കമ്പനി പുതിയ ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ഇത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കള്‍ കേസ് നല്‍കിയിരിക്കുന്നത്.
ഇതോടെ ബാറ്ററി മാറ്റിവാങ്ങുന്നതിന് പ്രത്യേക ഓഫറും ആപ്പിള്‍ പ്രഖ്യാപിച്ചു. വാറണ്ടിയില്ലാത്ത ഐഫോണുകളുടെ ബാറ്ററി വാങ്ങുന്നതിന് 79 ഡോളറാണ് വില. ഇത് 29 ഡോളറായാണ് ആപ്പിള്‍ കുറച്ച് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ 6, 6 പ്ലസുകളുടെ ബാറ്ററി മാറ്റിവാങ്ങാന്‍ 6,500 രൂപയാണ് നിലവിലെ ചെലവ്. പഴയ ഐഫോണുകളുടെ ബാറ്ററി പ്രശ്‌നവും അതിലുണ്ടായ മാറ്റവും പ്രശ്‌നങ്ങളുടെ ഗൗരവും സംബന്ധിച്ച് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതില്‍ വീഴ്ചയുണ്ടായി.
ഉപഭോക്താക്കളില്‍ ചിലരെ ആപ്പിള്‍ നിരാശപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടു. ഞങ്ങള്‍ മാപ്പ് പറയുന്നു. ഞങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് തെറ്റിദ്ധാരണകളുണ്ടായി. ഒരു ആപ്പിള്‍ ഡിവൈസിന്റെയും ആയുസ് കുറയ്ക്കുന്ന തരത്തിലുള്ള ഒരു മാറ്റവും ബോധപൂര്‍വം ഞങ്ങള്‍ നടത്തിയിട്ടില്ല, നടത്തുകയുമില്ല. ഐഫോണുകളുടെ ദീര്‍ഘായുസ് തന്നെയാണ് ആപ്പിളിന്റെ ലക്ഷ്യമെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. എന്തായാലും പുതിയ വിവാദം ആപ്പിളിന് ആഗോളതലത്തില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

SHARE