ദളിത് മന്ത്രിക്ക് പ്രത്യേകം മുറി; ഗുജറാത്ത് ബിജെപി മന്ത്രിസഭ വിവാദത്തില്‍

അഹമ്മദാബാദ്: ദളിതര്‍ക്ക് വന്‍ പിന്തുണയെന്ന് പറഞ്ഞു നടക്കുന്ന ബിജെപിയുടെ പുതിയ നടപടി വീണ്ടും വിവാദത്തിലാകുന്നു. ഗുജറാത്ത് മന്ത്രിസഭയിലെ ദളിത് മന്ത്രി ഈശ്വര് പര്‍മാറിന് മറ്റുള്ള മന്ത്രിമാരില്‍ നിന്നും അകലെ ഓഫീസ് അനുവദിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മറ്റ് മന്ത്രിമാര്‍ക്കെല്ലാം മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഗാന്ധി നഗറിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്വര്‍ണിം സങ്കുല്‍1 ല്‍ ഓഫീസുകള്‍ അനുവദിച്ചത്. എന്നാല്‍ പര്‍മാറിന് മാത്രം സ്വര്‍ണം സങ്കുല്‍ 2 ലാണ് ഓഫീസ് ലഭിച്ചത്. ക്യാബിനറ്റ് റാങ്കുകാര്‍ക്ക് ഒന്നിലും സഹമന്ത്രിമാര്‍ക്ക് രണ്ടിലും മുറികള്‍ അനുവദിക്കുകയാണ് പതിവ് . എന്നാല്‍ ദളിത് സമുദായക്കാരനായ പര്‍മാറിന് മാത്രം മറ്റൊരു മുറി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. സാമൂഹ്യ മാധ്യമങ്ങളിലും അയിത്താചരണത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പത്തു ദിവസത്തിനകം പര്‍മാറിനും മുഖ്യ കെട്ടിടത്തില്‍ മുറി നല്‍കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് വിവാദത്തിന് താല്‍ക്കാലിക വിരാമമുണ്ടായത്. ബര്‍ദോളയില്‍ നിന്നുള്ള നിയമസഭാ സാമാജികനാണ് പര്‍മാര്‍.

SHARE