പോലീസ് പണി നഷ്ടപ്പെട്ടിട്ടും ‘സ്വര്‍ണപ്പണി’ നിര്‍ത്തിയില്ല; മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കുകളില്‍നിന്ന് പണംതട്ടല്‍ ഹരമാക്കിയ മുന്‍ എഎസ്‌ഐ അറസ്റ്റില്‍

ആലുവ: പത്തരമാറ്റ് സ്വര്‍ണത്തെ പോലും പിന്നിലാക്കുന്ന മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടല്‍ ഹരമാക്കിയ മുന്‍ എഎസ്‌ഐ ഒടുവില്‍ അഴിക്കുള്ളിലായി. കോതമംഗലം അയരൂര്‍പാടം ചിറ്റേത്തുകുടി വീട്ടില്‍ മുഹമ്മദ് മക്കാര്‍ (55)നെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം കോട്ടപ്പടി പൊലീസ് മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങുമ്പോഴാണ് ആലുവ പൊലീസ് പിടികൂടിയത്. മുക്കുപണ്ടക്കേസില്‍ പൊലീസ് പണി നഷ്ടമായിട്ടും പ്രതി ‘സ്വര്‍ണപ്പണി’ വിട്ടിരുന്നില്ല. ഇയാള്‍ക്കെതിരെ മുക്കുപണ്ടം പണയപ്പെടുത്തിയതിന് ആലുവ സ്‌റ്റേഷനില്‍ മാത്രം രണ്ട് കേസുണ്ട്. സിറ്റിയിലും കോതമം ഗലത്തുമെല്ലാം വേറെയും കേസുകളുണ്ട്. മുക്കുപണ്ടം പണയപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ചെങ്ങമനാട് ദേശം പുറയാര്‍ വെണ്ണിപറമ്പില്‍ റുക്‌സാനയും ഭര്‍ത്താവ് ഷിഹാബുദ്ദീനും ആലുവ പൊലീസിന്റെ പിടിയിലായിരുന്നു. ഇതേതുടര്‍ന്നാണ് ആലുവ സ്‌റ്റേഷനിലെ മുന്‍ എഎസ്‌ഐയായിരുന്ന മുഹമ്മദ് മരക്കാര്‍ കേസില്‍ പ്രതിയായത്.
എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘത്തില്‍ 74 ഗ്രാം മുക്കുപണ്ടം നല്‍കി രണ്ടര ലക്ഷം രൂപയും ജില്ലാ സഹകരണ ബാങ്കിന്റെ കോതമംഗലം ശാഖയില്‍ നിന്നും നാല് ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് കഥകള്‍ പുറത്തായതോടെ മെഡിക്കല്‍ അവധിയിലായിരുന്ന എഎസ്‌ഐ സസ്‌പെന്‍ഷനിലായി. പിന്നീട് പി.എന്‍. ഉണ്ണിരാജന്‍ റൂറല്‍ എസ്പിയായിരിക്കെ സര്‍വീസില്‍ നിന്നും പുറത്താക്കി. ഇതിനിടയിലാണ് ആലുവയിലെ കേസിലും ഇയാള്‍ പിടിയിലായത്.
ആലുവയിലെ മുക്കുപണ്ടക്കേസില്‍ ഇനിയും പ്രതികളുണ്ട്. കേസെടുത്ത ഘട്ടത്തില്‍ പൊലീസ് പറഞ്ഞതനുസരിച്ചാണെങ്കില്‍ രണ്ട് പേര്‍കൂടി വലയിലാകണം. ചെങ്ങമനാട് സ്വദേശിനി റുക്‌സാന, ഭര്‍ത്താവ് ഷിഹാബുദ്ദീന്‍, നിലവില്‍ റിമാന്‍ഡിലായ എഎസ്‌ഐ മക്കാര്‍ എന്നിവരാണ് പിടിയിലായത്. ദമ്പതികള്‍ക്ക് മുക്കുപണ്ടം നല്‍കിയത് ആലുവ യുസി കോളെജ് സ്വദേശി നിഷാദ് ആണെന്നും നിഷാദിന് സ്വര്‍ണം കൈമാറിയത് എഎസ്‌ഐയാണെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. ഇവര്‍ക്ക് മുക്കുപണ്ടം നിര്‍മ്മിച്ച് നല്‍കിയയാളെയും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം പൊലീസ് ഇപ്പോള്‍ മിണ്ടുന്നില്ല.
ഒളിവിലുള്ളവരില്‍ നിഷാദ് കുല്‍പ്പണ തട്ടിയെടുത്ത കേസിലും പ്രതിയാണ്. റെന്റ് എ കാര്‍ പണയപ്പെടുത്തിയ കേസില്‍ ആമ്പല്ലൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നും തൃശൂര്‍ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുല്‍പ്പണ തട്ടിപ്പും പുറത്തായത്. തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായി. മൈസൂരില്‍ വച്ചാണ് കുഴല്‍പ്പണവുമായി പോയ വാഹനം മലയാറ്റൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ നിഷാദ് തട്ടിയെടുത്തത്.
ദമ്പതികള്‍ നേരത്തെ റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്നു. പരിചയക്കാരനായ നിഷാദ് വാഹനങ്ങള്‍ വാടകക്കെടുത്ത ശേഷം പണയപ്പെടുത്തി. സംഭവമറിഞ്ഞ് വാഹനങ്ങള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയുടെ സ്വര്‍ണമെന്ന പേരില്‍ നിഷാദ് മുക്കുപണ്ടം നല്‍കിയെന്നാണ് ഷിഹാബുദ്ദീന്‍ പൊലീസിനോട് പറഞ്ഞിരുന്നന്നത്. എന്നാല്‍ തട്ടിപ്പ് എല്ലാവരും ചേര്‍ന്നുള്ള കളിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഓഗസ്റ്റ് രണ്ടിന് ബൈപ്പാസിലെ ഒരു പണമിടപാട് സ്ഥാപന ഉടമയാണ് റുക്‌സാനയെ പിടികൂടിയത്. ആറ് പവനിലേറെ തൂക്കമുള്ള മുക്കുമാലയുമായാണ് ഇവിടെയെത്തിയത്. എന്നാലിത് മുക്കുപണ്ടമാണെന്ന് വ്യക്തമായതോടെ ഇവര്‍ കുറച്ചു ദിവസം മുമ്പ് 32,000 രൂപ വായ്പയെടുക്കുന്നതിന് നല്‍കി യസ്വര്‍ണവും മുക്കാണെന്ന് സമ്മതിച്ചു. തുടര്‍ന്നാണ് സ്ഥാപന ഉടമ ആലുവ പൊലീസിനെ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലില്‍ പറവൂര്‍ കവലയിലെ സ്ഥാപനത്തില്‍ നിന്നും 4.71 ലക്ഷം രൂപയും മറ്റൊരു സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപയും കബളിപ്പിച്ചെടുത്തതായും കണ്ടെത്തി.

SHARE