ഛോട്ടാ രാജനെ ജയിലിനുള്ളില്‍ വധിക്കാന്‍ ശ്രമം; വിവരം പുറത്തറിഞ്ഞത് മദ്യപാനത്തിനിടെ; ക്വട്ടേഷന്‍ കൊടുത്തത്…

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിനുള്ളില്‍ അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രാജനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുമായ നീരജ് ബവാനയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണു വിവരം. ബവാനയുടെ അനുയായി മദ്യപാന സദസ്സിനിടെ അബദ്ധത്തില്‍ വിവരം പുറത്തുവിടുകയായിരുന്നു.
തന്നെ കാണാനെത്തിയ വ്യക്തിയോടു ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ചു പറഞ്ഞതായും വിവരമുണ്ട്. തിഹാര്‍ ജയിലില്‍ തന്നെയാണു ബവാനയും കഴിയുന്നത്. മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ തനിച്ചൊരു സെല്ലിലേക്കു മാറ്റി. നീരജ് ബവാനയെ സെല്ലില്‍നിന്നു മാറ്റുന്നതിനു മുന്‍പു നടത്തിയ പരിശോധനയില്‍ ഇയാളുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണടക്കമുള്ളവ കണ്ടെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അടച്ചത്. രാജനെ സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു ജയിലില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ബവാനയ്ക്കു രാജനെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലെ അവസാന സെല്ലില്ലാണു ഛോട്ടാ രാജനെ താമസിപ്പിച്ചിരിക്കുന്നത്. ബവാന ഒറ്റപ്പെട്ട പ്രദേശത്തും. രാജനു പ്രത്യേകം സുരക്ഷാ ഭടന്മാരും പാചകക്കാരനുമുണ്ട്. ഇപ്പോള്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

SHARE