അത് ചെറുത്….! ബുര്‍ജ് ഖലീഫയെ ചെറുതാക്കാന്‍ ക്രീക്ക് ടവര്‍ കുതിച്ചുയരുന്നു…

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന സ്ഥാനം ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാകാന്‍ പോകുന്നു. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള പുതിയ കെട്ടിടം ദുബായിയുടെ വിസ്മയ പട്ടികയിലെ പുതിയ താരമാകാന്‍ പോകുകയാണ്. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമാണ് ദുബായ് ക്രീക്ക് ടവറിനുണ്ടാവുക എന്നാണു റിപ്പോര്‍ട്ട്. 550 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് ക്രീക് ഹാര്‍ബര്‍ പദ്ധതിയിലെ മുഖ്യ ആകര്‍ഷണമാകും 928 മീറ്റര്‍ ഉയരമുള്ള ക്രീക് ടവര്‍. ഇതിനു പുറമെ എട്ടു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഷോപ്പിങ് മാളും 66,000 ചതുരശ്ര അടിയില്‍ സാംസ്‌കാരിക കേന്ദ്രവും ഒരുക്കും.
ദുബായ് ക്രീക്ക് ടവര്‍ എന്നു പേരിട്ടിട്ടുള്ള കെട്ടിടത്തിന്റെ നിര്‍മാണം 2020ല്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ദുബായ് മീഡിയാ ഓഫിസ് ഇന്ന് ദുബായ് ക്രീക്ക് ടവര്‍ നിര്‍മാണത്തിന്റെ വിശദാംശങ്ങളും ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടു.

സ്തംഭം പോലെ ഉയരത്തിലേക്കു പോകുന്ന ടവറിന്റെ മുകളില്‍ നിന്നു വലയുടെ മാതൃകയില്‍ ഉരുക്കു കമ്പികള്‍ താഴേക്കു ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകല്‍പന. സ്പാനിഷ് ശില്‍പി സാന്റിയാഗോ കലാട്രവയാണു ടവര്‍ രൂപകല്‍പന ചെയ്തത്. ഹരിത സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കെട്ടിടത്തിനകത്തു വന്മരങ്ങളും കൃത്രിമവനവും തയാറാക്കും. ഹോട്ടലുകളും ഷോപ്പിങ് സമുച്ചയങ്ങളും താമസകേന്ദ്രങ്ങളുമെല്ലാം ഉണ്ടാകും. ബുര്‍ജ് ഖലീഫ നിര്‍മിച്ച ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് പുതിയ പദ്ധതിയുടെയും പിന്നില്‍.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ക്രീക്ക് ടവറിന്റെ നിര്‍മാണം ആരംഭിച്ചത്. 75 മീറ്റര്‍ താഴ്ചയിലാണ് പൈലിങ്. കോണ്‍ക്രീറ്റ് തൂണുകളെക്കാള്‍ ഉറപ്പു ലഭിക്കുന്ന ചതുരാകൃതിയിലുള്ള വന്‍ കോണ്‍ക്രീറ്റ് സ്തംഭങ്ങളിലാണ് കെട്ടിടമുയരുക. രണ്ടു ലക്ഷത്തിലധികം ടണ്‍ കോണ്‍ക്രീറ്റും, 15,000 ടണ്‍ ഉരുക്കും ഇതിനായി ഉപയോഗിച്ചു. 1.75 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണാണ് നിര്‍മാണ സ്ഥലത്തുനിന്നു നീക്കം ചെയ്തത്.

SHARE