ഒരു ദിവസം എന്റെ നാണം അങ്ങ് പോയി; പിന്നെ പൂര്‍ണ നഗ്നയാവാനും മടിയില്ലാതായി

മലയാളത്തിലെ ധീരയായ നടിമാരില്‍ ഒരാളാണ് കനി കുസൃതി. കനി നേരത്തെ അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമാവകുയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു ലൈംഗികാനുഭവത്തെ കുറിച്ച് വിവരിക്കുന്നതായിരുന്നു ആ ഹ്രസ്വചിത്രം. അതില്‍ അഭിനയിച്ചതിന്റെ പേരില്‍ കനിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയും മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചതെന്ന് കനി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ജീവിതം നയിച്ചത് കൊണ്ടുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കനി പറഞ്ഞു. കനിയുടെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചുദിവസം മുംബൈയില്‍ താമസിച്ചു. ആ സമയത്ത് കുറച്ചു മോഡലിങ് ചെയ്യാന്‍ കഴിഞ്ഞു.

മോഡലിങിനേക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്. ഇഷ്ടമുള്ള ആരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക് വേണ്ടി മോഡലിങ് ചെയ്യുന്നുവെന്ന് മാത്രം. ഞാന്‍ മോഡലിങ് മേഖലയില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നില്ല.
മൈത്രേയന്‍ എന്നാണ് അച്ഛനെ വിളിക്കുന്നത്. അമ്മയെ ചേച്ചി എന്നും. എന്നോട് മാത്രമല്ല, എന്റെ എല്ലാ ബന്ധുക്കളോടും അച്ഛന്‍ പേര് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും ചോദിക്കുമായിരുന്നു നീ എന്തിനാ അച്ഛനെ പേര് വിളിക്കുന്നതെന്ന്.
ചെറുപ്പത്തില്‍ കമ്മലും മാലയുമൊന്നും ഞാന്‍ ഇടാറില്ല. നിനക്ക് എപ്പഴാണോ തോന്നുന്നത് അപ്പോള്‍ കാത് കുത്തിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സ്‌കൂളിലെത്തിയാല്‍ ചോദിക്കും നീ പെന്തകോസ്താണോ എന്ന്. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരെയും പോലെ ഞാനും ആയിരുന്നെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ എന്ന് ചിന്തിക്കും.
അച്ഛനും അമ്മയും കല്ല്യാണം കഴിച്ചിട്ടില്ല. പക്ഷേ കുഞ്ഞുണ്ട്. ഇതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ നേരിട്ടു. കുറേ ആയപ്പോള്‍ എനിക്ക് ഒന്നിനും ഉത്തരം പറയാന്‍ വയ്യാതായി. അമ്പലത്തില്‍ പോയി എന്റെ അച്ഛനെയും അമ്മയെയും എല്ലാവരുടെയും അച്ഛനമ്മയെ പോലെ ആക്കണേ എന്നു വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു. നാടക ക്ലാസില്‍ എല്ലാവരോടും നിങ്ങള്‍ ഏറ്റവും സന്തോഷിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. അപ്പോഴാണ് മനസ്സിലായത് എനിക്ക് അങ്ങനൊരു കാര്യമേ ഇല്ലെന്ന്. ഞാന്‍ കരഞ്ഞു. എല്ലാം ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനുമായിരുന്നു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. വളരെ നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്‌നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം.

SHARE