പാക് ആക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ നിയന്ത്രണ രേഖയില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം, ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ മൂന്നു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റു. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.
റാവല്‍കോട്ടിലെ രുഖ് ഛാക്‌റി സെക്ടറിലായിരുന്നു ഇന്ത്യയുടെ ഷെല്ലാക്രമണം. ഇതിനെത്തുടര്‍ന്ന് പാക്ക് സൈന്യവും തിരിച്ചടിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യയാണ് ആക്രമണത്തിനു തുടക്കമിട്ടതെന്ന് പാക്ക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍–സര്‍വീസസ് പബ്ലിക് റിലേഷന്‍സ്(ഐഎസ്പിആര്‍) വ്യക്തമാക്കി. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഐഎസ്പിആറിനെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2003ലാണ് കരാര്‍ നിലവില്‍ വന്നത്. മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അമ്പദാസ് (മഹാരാഷ്ട്ര), ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ലാന്‍സ് നായിക് കുല്‍ദീപ് സിങ് (ഇരുവരും പഞ്ചാബ്), സീപോയ് പ്രഗത് സിങ് (ഹരിയാന) എന്നിവരാണ് കഴിഞ്ഞദിവസം പാക്ക് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സൈനിക ബഹുമതികളോടെ ഈ ജവാന്മാര്‍ക്ക് സേന വിട നല്‍കി. പരുക്കേറ്റ മറ്റു രണ്ടുപേര്‍ ആശുപത്രിയിലാണ്.
ഝംഗര്‍ സെക്ടര്‍, പുഞ്ച് ജില്ലയിലെ ഷാംപുര്‍ എന്നിവിടങ്ങളില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു. വെടിവയ്പിന്റെയും സ്‌ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സുരക്ഷയും പരിശോധനയും കൂടുതല്‍ ശക്തമാക്കി.
കഴിഞ്ഞദിവസം, പഞ്ചാബിലെ അഞ്ജന സെക്ടറില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിസ്എഫ് വധിച്ചിരുന്നു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജില്ലയിലുണ്ടായിരുന്ന സമയത്തായിരുന്നു രജൗറിയിലെ പാക്ക് വെടിവയ്പ്. നിയന്ത്രണരേഖയില്‍നിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

SHARE