കണ്ണൂരിലെ സിപിഎമ്മിനെതിരേ പിണറായി വിജയന്‍..!

കണ്ണൂര്‍: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങുന്ന പലിശരഹിത ബാങ്കിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി എന്ന പേരിലാണ് സിപിഐഎം പലിശരഹിത ബാങ്ക് തുടങ്ങുന്നത്.

ഹലാല്‍ ഫായിദ ഒരു പരീക്ഷണമാണെന്നാണ് പറയുന്നത്. ഇത് തുടങ്ങുമ്പോള്‍ ബന്ധപ്പെട്ടവര്‍ അതിനുള്ള സാങ്കേതിക പരിശോധന കൂടി നടത്തിയിട്ടുണ്ടാകുമല്ലോ. അതിനാല്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി തുടങ്ങിയത്. ലക്ഷ്യങ്ങള്‍ നല്ലതാണ്. അതില്‍ ഒരു കരുതലെടുക്കുന്നത് പിന്നീടുള്ള പ്രയാസങ്ങളൊഴിവാക്കാന്‍ നല്ലതാകും. ഗൗരവമായ പരിശോധന ഇതില്‍ വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

‘ഉദ്ദേശ്യം നല്ലതും ജനങ്ങള്‍ക്കിഷ്ടപ്പെടുന്നതുമാണ്. പക്ഷേ, അത് നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നത് നല്ലതാകും. ഇപ്പോഴത്തെ ഭരണസാഹചര്യം നോക്കി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അനുകൂല നടപടി സ്വീകരിച്ചെന്നിരിക്കും. എന്നാല്‍, മറ്റാരെങ്കിലുമോ മറ്റൊരുസാഹചര്യത്തിലോ ഇത് നിയമപ്രകാരമാണോയെന്ന് പരിശോധിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും’ മുഖ്യമന്ത്രി പറഞ്ഞു.

‘വായ്പനല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. പലിശ ഈടാക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. ഈടാക്കാത്ത നിലയുണ്ടായാല്‍ വകുപ്പുകളുടെ ഇടപെടലുണ്ടാകും. കാര്‍ഷിക വായ്പ പലിശരഹിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ നബാര്‍ഡ് എതിര്‍ത്തിരുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

‘ലോകത്ത് പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ അത്തരമൊരു കാര്യം നടക്കാതെപോയത്, ഇതിനൊക്കെ അധികാരപ്പെട്ടവര്‍ തങ്ങളാണെന്ന് കരുതുന്നവരുടെ നിലപാടാണ്’ ഇസ്ലാമിക് ബാങ്കിനെതിരേ റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാടിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

SHARE