കേരളത്തില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ മസ്‌കറ്റില്‍ കുടുങ്ങി; വെള്ളം പോലും കിട്ടാതെ മലയാളികള്‍ ഉള്‍പ്പെട്ടവര്‍

ദുബൈ: ഇന്നലെ രാത്രി കോഴിക്കോട് നിന്ന് ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ഒമാനിലെ മസ്‌കത്തില്‍ കുടുങ്ങി. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വിമാനം ഷാര്‍ജയില്‍ ഇറക്കാന്‍ പറ്റാതെ മസ്‌കത്തില്‍ ഇറക്കുകയായിരുന്നു.

അതേസമയം സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലേറെ യാത്രക്കാര്‍ മണിക്കൂറുകളായി വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രാഥമികാവശ്യങ്ങള്‍ പോലും നടത്താനാകാതെ വെള്ളം, ഭക്ഷണം എന്നിവയൊന്നും ലഭിക്കാതെ യാത്രക്കാര്‍ എല്ലാവരും ദുരിതത്തില്‍ പെട്ടിരിക്കുകയാണ്.

ഇന്നലെ രാത്രി 10.40ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഐഎക്സ് 343 വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്.യുഎഇയില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജയില്‍ പറന്നിറങ്ങാന്‍ സാധ്യമല്ലാത്തതിനാല്‍ വിമാനം പുലര്‍ച്ചെ 1.10ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. നിയമ പരമായ കാരണത്താല്‍ യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

വിമാനത്തിനകത്തെ ശൗചാലയം മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നതിനാല്‍ തിരക്കു കാരണം തങ്ങള്‍ വളരെ പ്രയാസത്തിലാണെന്ന് യാത്രക്കാര്‍ പറയുന്നു. ഭക്ഷണം ലഭിക്കാത്തതിനാല്‍ കുട്ടികളും മറ്റും വിശന്ന് കരയുകയാണെന്നു യാത്രക്കാര്‍ പറഞ്ഞു. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും മാന്യമായ പ്രതികരണം ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

എഎക്സ് 343 അടക്കം എയര്‍ ഇന്ത്യയുടെ അഞ്ചോളം വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതേസമയം ഐഎക്സ് 343ക്ക് ഒമാനിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറി(എടിസി)ല്‍ നിന്ന് പറക്കാനുള്ള അനുമതി ലഭിച്ചുകഴിഞ്ഞുവെന്നും എന്നാല്‍ ഷാര്‍ജയില്‍ നിന്ന് അറിയിപ്പ് ലഭിച്ചാലേ വിമാനം പുറപ്പെടുകയുള്ളെന്നും അധികൃതര്‍ വ്യക്തമാക്കി.ഒരു മണിക്കൂറിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അധികൃതര്‍ പറഞ്ഞു.

SHARE