ലൈവില്‍ പ്രത്യക്ഷപ്പെട്ടത് തട്ടമിടാതെ, മതമൗലീകവാദികളുടെ തെറിവിളി സഹിക്കവയ്യാതെ മിസ് അറബ് മത്സരത്തില്‍ നിന്ന് മിസ് സൗദി പിന്മാറി

മിസ് സൗദി അറേബ്യയായ മലക് യൂസഫ് മിസ് അറബ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കവെ അവസാന നിമിഷം പിന്മാറി. തന്റെ രാജ്യത്തുള്ള യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മലക് പിന്മാറിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. തട്ടമിടാതെ മേക്കപ്പ് ഒക്കെ ചെയ്ത് അതിസുന്ദരിയായി ഓണ്‍ലൈനില്‍ വന്ന മലകിന് നേരെ കടുത്ത വിമര്‍ശനങ്ങളുമായ സൗദിയിലെ പരമ്പരാഗത വാദികള്‍ സൈബര്‍ ആക്രമണവുമായി എത്തിയതിനെ തുടര്‍ന്നാണ് ഈ സുന്ദരി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. മലകിന് നേരെ കടുത്ത ട്രോളുകളായിരുന്നു സൗദിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ഉയര്‍ന്ന് വന്നിരുന്നത്.

തന്നെ സൗദിയിലുള്ളവര്‍ക്ക് നന്നായി മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും തന്നെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കില്ലായിരുന്നുവെന്നാണ് മലക് വേദനയോടെ പ്രതികരിച്ചിരിക്കുന്നത്. തന്റെ കഴിവ് തെളിയിക്കാന്‍ തന്റെ രാജ്യത്തുള്ളവര്‍ അവസരം താനില്ലെന്നും അതിന് പകരം വാക്കുകളാലും ട്രോണുകളാലും തന്നെ അപമാനിക്കുന്നതിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമാണ് സൗദിക്കാര്‍ ശ്രമിച്ചതെന്നും മലക് ധാര്‍മിക രോഷം കൊള്ളുന്നു. യഥാര്‍ത്ഥ സൗന്ദര്യം ശരീരത്തിന് പുറത്തല്ലെന്നും ഉള്ളിലാണെന്നും തന്റെ വ്യക്തിത്വം ആന്തരിക സൗന്ദര്യം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സൗദിക്കാര്‍ തന്നെ വിലയിരുത്തിയില്ലെന്നും മലക് ആരോപിക്കുന്നു. മറിച്ച് വെറും ബാഹ്യസൗന്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മാതൃരാജ്യക്കാര്‍ തന്നെ വിലയിരുത്തിയതെന്നും ഈ സുന്ദരി പറയുന്നു.

സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന് തന്നെ വ്യക്തിപരമായി അപമാനിക്കുന്നതിനുള്ള ശ്രമം വരെ നടന്നിരുന്നുവെന്നും മലക് വെളിപ്പെടുത്തുന്നു. മൊറോക്കോയില്‍ വച്ചാണ് മിസ് അറബ് മത്സരം കഴിഞ്ഞ വീക്കെന്‍ഡില്‍ നടന്നിരിക്കുന്നത്. ഇതിന് മുമ്പ് 2009ല്‍ സൗദിയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തിരുന്ന സുന്ദരി കിരീടം നേടിയിരുന്നു. സൗദിയെ പരമ്ബരാഗതമായ കടുംപിടിത്തങ്ങളില്‍ നിന്നും മോചിപ്പിച്ച് ആധുനിക വല്‍ക്കരിക്കുന്നതിനായി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മലകിന് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു.

SHARE