രണ്ട് വര്‍ഷം മുന്‍പ് യാത്രാമദ്ധേ കാണാതായ അമ്മയെ മക്കള്‍ കണ്ടെത്തിയത് ടിവി പരിപാടിയിലൂടെ

എടത്വാ: രണ്ട് വര്‍ഷം മുന്‍പ് കാണാതായ അമ്മയെ ചാനല്‍ പരിപാടിയിലൂടെ കണ്ടെത്തി മക്കള്‍. തലവടിയിലെ പുനരധിവാസ കേന്ദ്രമായ സ്‌നേഹഭവനില്‍ നിന്നാണ് ശാന്തമ്മ (76) യെ കണ്ടെത്തിയത്. സ്‌നേഹഭവനില്‍ ഒരു സ്വകാര്യ ചാനല്‍ നടത്തിയ ക്രിസ്മസ് പരിപാടി അടുത്തിടെ സംപ്രേഷണം ചെയ്തിരുന്നു. പരിപാടി കാണാന്‍ ഇടയായ മക്കള്‍ ആള്‍ക്കൂട്ടത്തിന് ഇടയില്‍ അമ്മയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് സ്‌നേഹഭവന്‍ അധികൃതരുമായി ബന്ധപ്പെട്ട് മക്കള്‍ അമ്മയെ വീണ്ടെടുത്തു.

കൊല്ലം പന്മന മുല്ലശ്ശേരി ശാന്താലയത്തില്‍ ശാന്തമ്മയെ കാണാതായിട്ട് രണ്ടുവര്‍ഷത്തിലേറെയായി. 2015 സെപ്തംബര്‍ 30 ന് മകളുടെ മാവേലിക്കരയിലെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് ശാന്തമ്മയെ കാണാതായത്. ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. വളരെ യാദൃശ്ചികമായിട്ടായിരുന്നു ചാനല്‍ പരിപാടിക്കിടെ മകന്‍ ബാഹുലേയന്‍ അമ്മയെ കാണാന്‍ ഇടയായത്.

തുടര്‍ന്ന് ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. പിന്നീട് പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌നേഹഭവനില്‍ എത്തി ശാന്തമ്മയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. മക്കളെ തിരിച്ചറിഞ്ഞ ശാന്തമ്മ അവരെ ചേര്‍ത്തുപിടിച്ച് തുരെതുരെ ഉമ്മ വെച്ചത് ഏവരുടെയും കണ്ണുനനയിച്ചു.

മകളുടെ വീട്ടിലേക്കുള്ള യാത്ര പുറപ്പെട്ടതായിരുന്നു ശാന്തമ്മ. വഴി തെറ്റിയെന്നറിഞ്ഞ പരിഭ്രമത്തില്‍ അവരുടെ മനോനില തെറ്റി. ഇവരെ പിന്നീട് ആരൊക്കെയോ ചേര്‍ന്ന് മാവേലിക്കരയിലെ കല്ലുമ്മേല്‍ ദയാഭവന്‍ അഗതിമന്ദിരത്തിലെത്തിച്ചു. അവിടെ ചികിത്സയിലായിരുന്നു. അഞ്ചു മാസം മുന്‍പാണ് സ്‌നേഹഭവനില്‍ എത്തിച്ചത്.

SHARE