ഗൂഗിളിനെയും തോല്‍പ്പിച്ചു, ക്രിസ്തുവിന്റെ ഫോട്ടോയുടെ കാര്യത്തില്‍…!

ദുബായ്: ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പുല്‍ക്കൂട് ഒരുക്കിയും വ്യത്യസ്ത ക്രിസ്മസ് സ്റ്റാര്‍ സംഘടിപ്പിച്ചും ഓരോരുത്തരും തിരക്കിലാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ക്രിസ്മസ് ആഘോഷമൊരുക്കിയിരിക്കുകായാണ് ദുബായില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ലോറന്‍സ് മാമ്മന്‍. 25 വര്‍ഷമായി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ ശേഖരിച്ച് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകാണ് ലോറന്‍സ് മാമ്മന്‍. ക്രിസ്തു ചിത്രങ്ങളുടെ കാര്യത്തില്‍ ഗൂഗിളിനെയും കടത്തി വെട്ടിയെന്നാണ് ലോറന്‍സ് പറയുന്നത്. ഗൂഗിളില്‍ ക്രിസ്തുവിന്റെ ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് എത്ര ഫോട്ടോ ലഭിക്കും..? എന്നാല്‍ അതിലും കൂടുതല്‍ തന്റെ പക്കലുണ്ടെന്നു ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ലോറന്‍സ് പറഞ്ഞു.
ഈയിടെ അബുദാബി ലൂവ്ര്‍ ആര്‍ട് മ്യൂസിയം സ്വന്തമാക്കിയ ഡാവിഞ്ചി ചിത്രം സാല്‍വത്തോര്‍ മുന്‍ഡിയുടെ പകര്‍പ്പ് മുതല്‍ പുല്‍ക്കൂട്ടില്‍ പാല്‍പുഞ്ചിരിയുമായി ശയിക്കുന്ന ഉണ്ണിയേശുവിന്റെ ചിത്രംവരെ ലോറന്‍സിന്റെ ശേഖരത്തിലുണ്ട്. ചെറുപ്പത്തിലെ തുടങ്ങിയ ശീലം ഹരമായി മാറിയതിന്റെ ഫലമാണു ശേഖരം. ദേവാലയങ്ങളില്‍നിന്നെല്ലാം ചിത്രങ്ങള്‍ സമ്പാദിച്ചതുകൂടാതെ, കൂട്ടുകാരും ബന്ധുക്കളും വഴി ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെല്ലാം ചിത്രങ്ങള്‍ സ്വന്തമാക്കി. കയ്യിലുള്ള ചിത്രങ്ങളെല്ലാം ചേര്‍ത്തുവച്ച് ഒരു ബാനറും ലോറന്‍സ് നിര്‍മിച്ചു.
ചിത്രശേഖരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം അതെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്. പേനകളുടെയും വമ്പന്‍ ശേഖരവും ലോറന്‍സിന്റെ പക്കലുണ്ട്. പേനകളും കോഫി മഗുകളും കൂട്ടിവച്ച് ബുര്‍ജ് ഖലീഫയുടെ മാതൃകയും നിര്‍മിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേനകളുടെ ശേഖരം തന്റെ പക്കലാണെന്നു ലോറന്‍സ് അവകാശപ്പെടുന്നു. ദുബായ് പൊലീസിലെ ഉദ്യോഗസ്ഥപ്രമുഖരെ കൂടാതെ, മലയാളത്തിലും തമിഴിലും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കൂടെനിന്നു പകര്‍ത്തിയ ഫോട്ടോകളുടെ വലിയ ശേഖരവും ലോറന്‍സിന്റെ പക്കലുണ്ട്. മുപ്പതോളം വര്‍ഷം മുന്‍പ് തറവാട്ട് വീട്ടില്‍ മദര്‍ തെരേസ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണു നിധിപോലെ ലോറന്‍സ് സൂക്ഷിച്ചിരിക്കുന്ന മറ്റൊന്ന്. ദിനപത്രങ്ങളില്‍ വന്ന വ്യത്യസ്ത തലക്കെട്ടുകള്‍, വ്യത്യസ്തത പുലര്‍ത്തുന്ന വാര്‍ത്താ ചിത്രങ്ങള്‍, വ്യത്യസ്തതയുള്ള അടിക്കുറിപ്പുകള്‍ തുടങ്ങിയവയുടെയും മികച്ച ശേഖരവും ലോറന്‍സിന്റെ കൈവശമുണ്ട്.

SHARE