കൊച്ചി: ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ തീയറ്ററുകളിലെത്തുന്നത് ഏഴ് സിനിമകള്‍. ഇതില്‍ അഞ്ചു മലയാളസിനിമകളും രണ്ട് അന്യഭാഷചിത്രങ്ങളുമാണ് ഉള്ളത്. മാസ്റ്റര്‍പീസ്, ആട് 2, ആന അലറലോടലറല്‍, വിമാനം, മായാനദി, വേലൈക്കാരന്, ടൈഗര്‍ സിന്ദാ ഹേ എന്നീ സിനിമകളാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുന്നത്.
മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ആണ് ഏവരും ഉറ്റുനോക്കുന്ന ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ആരാധകരെ നിരാശരാക്കില്ലെന്ന സൂചനയാണു ട്രെയിലറുകളും പോസ്റ്ററുകളും നല്‍കുന്നത്. ഏറെക്കാലത്തിനു ശേഷം ക്യാംപസ് പശ്ചാത്തലത്തില്‍ വരുന്ന മമ്മൂട്ടി ചിത്രമാണു മാസ്റ്റര്‍പീസ്. കോളജ് അധ്യപാകനായ എഡ്വേര്‍ഡ് ലിവിങ്സ്റ്റണിനെയാണു മമ്മൂട്ടി അവതരിപ്പിക്കുന്നത്. ട്രെയ്ലറുകളൊക്കെ വന്‍ ഹിറ്റായി മാറിയത് അണിയറക്കാര്‍ക്ക് പ്രതീക്ഷയേകുന്നു.
മറ്റൊരു പ്രധാന ചിത്രമാണ് ആന അലറലോടലറല്‍. പേരു പറയാന്‍ നോക്കിയാല്‍ തന്നെ നാക്കുളുക്കുന്ന സിനിമ ചിരിയുടെ അകമ്പടിയോടെ സമകാലിക വിഷയങ്ങളാണു ചര്‍ച്ച ചെയ്യുന്നത്. എബി, ഒരു സിനിമാക്കാരന് എന്നിവയ്ക്കു ശേഷം വിനീത് ശ്രീനിവാസന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമാണ് ആന അലറലോടലറല്‍. അനു സിത്താരയാണു നായിക. ഹിറ്റ് ചിത്രങ്ങള്‍ മാത്രം ഇറക്കിയിട്ടുള്ള വിനീതില്‍നിന്നും സൂപ്പര്ഹിറ്റല്ലാത്ത ഒരു ചിത്രം മലയാളികള്‍ പ്രതീക്ഷിക്കുന്നില്ല.
ക്രിസ്മസ് റിലീസായിട്ട് എത്തുന്ന മറ്റൊരു ചിത്രമാണ് വിമാനം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യുന്ന വിമാനം പൃഥ്വിരാജിനു ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ്. സ്വന്തമായി വിമാനം നിര്‍മിക്കാന്‍ ശ്രമിക്കുന്ന വെങ്കിട്ട് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് 10 കിലോയോളം ഭാരം കുറച്ചിരുന്നു.
കൂടാതെ ഉല്‍സവ പ്രതീതിയോടെയാണു ഷാജി പാപ്പനും കൂട്ടരും തിയറ്ററുകളിലെത്തുന്നത്. ജയസൂര്യ മാസ് ഹീറോയായ ചിത്രത്തിന്റെ രണ്ടാം ഭാഗം തിയറ്ററില്‍ ചിരിയുടെ അമിട്ട് പൊട്ടിക്കുമെന്ന പ്രതീക്ഷയിലാണു പ്രേക്ഷകര്‍. സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങി ആദ്യ ചിത്രത്തിലുള്ളവരെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്.
ഇടവേളയ്ക്കു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. അമല്‍ നീരദിന്റെ കഥയ്ക്കു ശ്യാം പുഷ്കരനും ദിലീഷ് നായരും തിരക്കഥയൊരുക്കുന്നു.ടൊവീനോ തോമസ്, ഐശ്വര്യ ലക്ഷമി എന്നിവരാണു പ്രധാന വേഷങ്ങളില്‍. സംവിധായകാരായ ലിജോ ജോസ് പെല്ലിശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
തനി ഒരുവന് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം. ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് പ്രധാനതാരങ്ങള്‍. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരന്. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുക.
2012 ല്‍ സല്മാന് തന്നെ നായനായ എക് ത ടൈഗറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നത്. സുല്‍ത്താന്‍ എന്ന ചിത്രമൊരുക്കിയ അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. എന്തായാലും വന്‍ നിരതന്നെയാണ് ഇത്തവണ ക്രിസ്മസ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തുന്നത്.