ഇന്ത്യക്കെതിരായ ട്വന്റി 20യില്‍ ശ്രീലങ്കയ്ക്കു 181 റണ്‍സ് വിജയലക്ഷ്യം, കെ.എല്‍.രാഹുലിന് അര്‍ധസെഞ്ചുറി

കട്ടക്ക്: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 180/3 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ അര്‍ധസെഞ്ചുറി(48 പന്തില്‍ 61) യാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കു നയിച്ചത്.

നേരത്തെ, ടോസ് നേടിയ ലങ്കന്‍ നായകന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സുള്ളപ്പോള്‍ ഇന്ത്യക്കു നായകന്‍ രോഹിത് ശര്‍മ(17)യെ നഷ്ടപ്പെട്ടു. തുടര്‍ന്ന് രാഹുലിനൊപ്പം ചേര്‍ന്ന യുവതാരം ശ്രേയസ് അയ്യര്‍(24) ഇന്ത്യന്‍ സ്‌കോര്‍ നൂറുകടത്തി. എന്നാല്‍ 11 റണ്‍സിന്റെ ഇടവേളയില്‍ ശ്രേയസും രാഹുലും മടങ്ങിയതോടെ ഇന്ത്യ 112/3 എന്ന നിലയിലായി.

തുടര്‍ന്നെത്തിയ വെറ്ററന്‍ താരം എം.എസ്.ധോണിയും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ധോണി 22 പന്തില്‍നിന്നു 39 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍നിന്നു 32 റണ്‍സായിരുന്നു പാണ്ഡെയുടെ സംഭാവന. ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലങ്കയ്ക്കായി ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

SHARE