ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; ആര്‍.കെ. നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ വാദങ്ങള്‍ക്ക് തുടക്കമിട്ട് ദിനകര വിഭാഗം (വീഡിയോ കാണാം)

ചെന്നൈ: ആര്‍.കെ നഗര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജയലളിതയുടെ അസുഖവും ചികിത്സയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പുതിയ വിവാദങ്ങള്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നിര്‍ണായക നീക്കവുമായി ടി.ടി.വി. ദിനകരന്‍ വിഭാഗം. ദിനകരവിഭാഗം നേതാവ് പി. വെട്രിവേല്‍ പുറത്തുവിട്ടു. ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതിന്റെ വീഡിയോയാണു പുറത്തുവിട്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവരുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്നതിനാണ് ദിനകരന്റെ ശ്രമം. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണബോധത്തോടെയാണെന്നും കൂടുതല്‍ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും വെട്രിവേല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദിനകരന്‍ തീരുമാനിച്ചതോടെ വിഷയം പിന്നെയും ആളിപ്പടര്‍ന്നു. മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് വിഡിയോ പുറത്തുവിടുന്നതിലൂടെ ശശികല–ദിനകരന്‍ പക്ഷം ലക്ഷ്യമിടുന്നത്. ഒപ്പം വൈകാരികമായി ജയലളിതയുമായി ഏറെ ബന്ധമുള്ള ആര്‍കെ നഗര്‍ മണ്ഡലത്തിലെ വോട്ടുബാങ്കും ലക്ഷ്യമുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ വിഡിയോ സൃഷ്ടിക്കുന്ന സ്വാധീനം എത്രമാത്രമാകുമെന്ന് വ്യാഴാഴ്ച വോട്ടെടുപ്പിനു ശേഷം മാത്രമേ വ്യക്തമാകൂ.
താന്‍ വീഡിയോ പുറത്തുവിടാതിരിക്കാന്‍ മുഖ്യമന്തി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും പരമാവധി ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് പലരും തടസ്സങ്ങളുമായി മുന്നോട്ടു വന്നെന്നും വെട്രിവേല്‍ പറഞ്ഞു. എന്നാല്‍ ജയലളിതയുടെ അന്തസ്സും സ്വകാര്യതയും മാനിച്ച് പുറത്തുവിടില്ലെന്നു പറഞ്ഞ വിഡിയോ തിരഞ്ഞെടുപ്പു സമയത്ത് പ്രചരിപ്പിക്കുന്നത് ദിനകരന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുമുണ്ട്.
ബുധനാഴ്ച രാവിലെയാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ വെട്രിവേല്‍ പുറത്തുവിട്ടത്. അപ്പോളോ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പരസഹായമില്ലാതെ ജ്യൂസ് കുടിച്ച് ജയലളിത ടിവി കാണുന്ന ദൃശ്യമാണിത്. എന്നാല്‍ എന്നാണിത് പകര്‍ത്തിയതെന്നു വ്യക്തമല്ല.

ചികിത്സയിലായിരിക്കെ ജയലളിത ശശികലയ്ക്കു കീഴിലായിരുന്നെന്നും ‘അമ്മ’യെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു. ജയലളിതയ്ക്ക് ആവശ്യത്തിന് ചികിത്സ ലഭ്യമാക്കിയില്ലെന്നും ഇപിഎസ്–ഒപിഎസ് പക്ഷം പ്രചരിപ്പിച്ചു. ഇതിനെ പ്രതിരോധിക്കുകയാണ് വിഡിയോയിലൂടെ ലക്ഷ്യമിടുന്നത്.
ജയലളിതയുടെ ആശുപത്രിയിലെ വിഡിയോ തന്റെ കൈവശമുണ്ടെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ദിനകരന്‍ പറഞ്ഞിരുന്നു. ഐസിയുവില്‍ നിന്നു വിഐപി വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ ശശികലയാണ് വിഡിയോ എടുത്തത്. എന്നാല്‍ മുഖ്യമന്ത്രിയായിരിക്കെ നൈറ്റി ധരിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് ‘അമ്മ’യുടെ അന്തസ്സിനു കളങ്കമാകുമെന്നു പറഞ്ഞാണ് പുറത്തുവിടാതിരുന്നത്.
ജയലളിതയുടെ മരണത്തിനു ശേഷവും പലപ്പോഴും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും വിഡിയോ പുറത്തുവിട്ടില്ല. എന്നാല്‍ മരണം അന്വേഷിക്കുന്ന റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള കമ്മിഷനു തെളിവായി വിഡിയോ കൈമാറുമെന്ന് ദിനകരന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ തിരഞ്ഞെടുപ്പിനു തൊട്ടുതലേന്ന് വിഡിയോ പുറത്തുവിടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നത് വ്യക്തമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ജയലളിതയെ കണ്ടെന്നും അവര്‍ ഇഡ്‌ലി കഴിച്ചെന്നുമൊക്കെയുള്ള അവകാശവാദങ്ങള്‍ കള്ളമാണെന്ന് തമിഴ്‌നാട് വനംമന്ത്രി സി. ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. ശശികലയ്ക്കു മാത്രമേ ജയലളിതയെ മുറിയില്‍ പോയി കാണാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ജയലളിത കോമയിലായിരുന്നുെവന്നും പ്രചാരണമുണ്ടായിരുന്നു.
ശ്വാസംപോലും എടുക്കാന്‍ കഴിയാതെ, അര്‍ധബോധാവസ്ഥയിലാണ്, ജയലളിതയെ കൊണ്ടുവന്നതെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഢിയും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് എല്ലാതരത്തിലുള്ള ചികിത്സകളും നല്‍കി ആരോഗ്യം വീണ്ടെടുത്തു. പല ദിവസങ്ങളിലും ജയലളിതയ്ക്ക് ബോധമുണ്ടായിരുന്നതായി ഡോക്ടര്‍മാരും നഴ്‌സുമാരും മൊഴി നല്‍കിയിരുന്നു. ഇതൊന്നും പക്ഷേ ഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയക്കാരും വിശ്വാസത്തിലെടുത്തില്ല. 75 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരണത്തിന് കീഴടങ്ങുന്നത്. തുടര്‍ന്ന് രാഷ്ട്രീയ വിഷയമായി ഇതു മാറുകയും ചെയ്തു.

SHARE