തോളിലിരുന്നു കാതു കടിച്ചു പറിച്ചു തിന്നുന്ന പണി ആരു ചെയ്താലും കൊള്ളില്ല; സിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി എം.എം. മണി

തിരുവനന്തപുരം: സിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം. മണി രംഗത്ത്. തോളിലിരുന്നു കാതു കടിച്ചു പറിച്ചു തിന്നുന്ന പണി ആരു ചെയ്താലും കൊള്ളുകയില്ലെന്നു മന്ത്രി പറഞ്ഞു.

ചില ആളുകള്‍ക്ക് മാണിയാണ് ഏറ്റവും വലിയ ശത്രു. രാജ്യം കൊള്ളയടിച്ച കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിന് ഒരു വിഷമവുമില്ലെന്നല്ല യോജിപ്പാണ്. സിപിഎമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. കോണ്‍ഗ്രസിനെ വിലയിരുത്തുന്നതിലും തര്‍ക്കമുണ്ട്. ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണു ചെയ്യേണ്ടത്. അതല്ല ഇതിനിടയില്‍ നിന്ന് ഒരു മാതിരി ആളുകളിക്കാനുള്ള പണി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിനെതിരെ ഇടതുമുന്നണി യോഗത്തില്‍ സിപിഐയെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു.

എന്നാല്‍ തങ്ങളുടേത് ശരിയായ തീരുമാനമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കിയത്. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിലപാടാണ് ഇടതുമുന്നണി യോഗത്തില്‍ മറ്റ് കക്ഷികള്‍ സ്വീകരിച്ചത്.

ഭൂമി വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ ആക്ഷേപം ഉന്നയിച്ച വൈദ്യുതമന്ത്രി എം.എം.മണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. ഭൂമാഫിയയുടെ വാടകഗുണ്ടയെന്നാണ് മണിയെ സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡല സമ്മേളന റിപ്പോര്‍ട്ട് വിശേഷിപ്പിച്ചത്. സി.പി.ഐയെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയതുപോലെയാണ് മണിയുടെ നടപടികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രി സത്യസന്ധരായെ ഉദ്യോഗസ്ഥരെ ഭീഷണിപ്പടുത്തുകയാണെന്നും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ സി.പി.ഐ പണംപറ്റിയാണ് ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതെന്ന മണിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.

SHARE