ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് നാളുകളില്‍ സാര്‍വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയതത്രെ. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാര്‍വദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പന്‍, ക്രിസ്തുമസ് പപ്പാ, അങ്കിള്‍ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.

ആംഗ്ലോ അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളില്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പന്‍ ക്രിസ്മസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കള്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കുന്നത്.

ക്രിസ്മസ് പാപ്പായുടെ കഥ….

സാന്‍ നിക്കോളാസ് എന്നാല്‍ വി. നിക്കോളാസ്. ഇന്ന് തുര്‍ക്കി എന്നറിയപ്പെടുന്ന ഏഷ്യാമൈനറില്‍ നാലാം നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന മെത്രാനായിരുന്ന അദ്ദേഹം, കാരുണ്യം നിറഞ്ഞ ഒരു വ്യക്തിയായിരുന്നു. പാവങ്ങളെ സഹായിച്ചിരുന്ന അദ്ദേഹം രഹസ്യമായി ആവശ്യക്കാര്‍ക്ക് സമ്മാനങ്ങള്‍ എത്തിക്കുമായിരുന്നു. ഇതിനെ സംബന്ധിച്ചു പ്രസിദ്ധമായ കഥയിതാണ്.

ആ പ്രദേശത്ത് ഒരു പാവപ്പെട്ട മനുഷ്യനുണ്ടായിരുന്നു. അയാള്‍ക്കു മൂന്നു പെണ്‍മക്കളാണുണ്ടായിരുന്നത്. അവരെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ വേണ്ട സ്ത്രീധനം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ വിഷമിച്ചിരുന്ന അയാളുടെ വീട്ടില്‍, ഒരു സ്വര്‍ണം നിറച്ച ഒരു ചെറിയ സഞ്ചി രഹസ്യത്തില്‍ ഇട്ടു. ഈ സഞ്ചി ചെന്നുവീണതാകട്ടെ, ഉണങ്ങാനിട്ടിരുന്ന ഒരു കാലുറയിലും. കാലുറയില്‍ സമ്മാനം ക്രിസ്മസ് സമ്മാനം ഒരുക്കുന്ന പതിവിനു പിന്നിലുള്ള കഥ ഇതാണ്. ഇങ്ങനെ കിട്ടിയ സ്വര്‍ണം മൂത്തമകളെ കല്യാണം കഴിപ്പിച്ചയയ്ക്കുന്നതിനുപയോഗിച്ചു.
പിന്നീട് രണ്ടുപ്രാവശ്യംകൂടി ഇത്തരത്തില്‍ സ്വര്‍ണമടങ്ങിയ സഞ്ചി നല്കി. മൂന്നാം പ്രാവശ്യം ഇതു കണ്ടുപിടിക്കപ്പെട്ടെങ്കിലും വിശുദ്ധന്‍ ഇക്കാര്യം ആരോടും പറയരുതെന്നു ആ മനുഷ്യനെ വിലക്കി. എങ്കിലും ഈ വാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു. ആര്‍ക്കെങ്കിലും രഹസ്യമായി സമ്മാനം ലഭിച്ചാല്‍ അത് സാന്‍ നിക്കോളാസ് നല്കിയതാണെന്നു വിശ്വസിച്ചുപോന്നു. കുട്ടികളുടെയും സമുദ്രയാത്രികരുടെയും മധ്യസ്ഥനാണ് വിശുദ്ധ നിക്കോളാസ്. ഒരിക്കല്‍ വലിയ കാറ്റുണ്ടായ സമയത്ത് വി. നിക്കോളാസ് പ്രത്യക്ഷപ്പെട്ട് ശാന്തമാക്കി സമുദ്രയാത്രികരെ രക്ഷിച്ചതായി പറയപ്പെടുന്നു.


പത്തൊമ്പതാം നൂറ്റാണ്ടിലെ ചില രചനകളിലൂടെയാണ് വി. നിക്കോളാസ് ക്രിസ്മസ് രാത്രിയില്‍ സമ്മാനങ്ങളുമായി എത്തുമെന്ന വിശ്വാസം പ്രചരിച്ചുതുടങ്ങിയത് (ഉദാ. Visit from St. Nicolas or The Night Before Christmas). മഞ്ഞുപ്രദേശങ്ങളില്‍നിന്ന് റെയ്ന്‍ഡീര്‍ വലിക്കുന്ന വണ്ടിയിലെത്തുന്ന ക്രിസ്മസ് പപ്പാ ആയി ഒരുങ്ങുന്ന കുട്ടികളും വലിയവരും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിരിക്കുന്നു. ഏതായാലും വി. നിക്കോളാസിന്റെ കാരുണ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്നതിന് ഈ ആചരണത്തിലുണ്ടായാല്‍ കരുണാസമ്പന്നനായ ദൈവം നമ്മുടെ മേല്‍ ചൊരിഞ്ഞ വലിയ സ്‌നേഹത്തിനു ഒരു ചെറിയ പ്രത്യുത്തരമാകും എന്നതിനു സംശയമില്ല.

SHARE