ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടന, മതപരിവര്‍ത്തന നീക്കം തടയുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്

ലക്‌നൗ: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്. ഹിന്ദു വിദ്യാര്‍ഥികളെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും, ഈ ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌ക്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സ്‌കൂളുകളിലെത്തിയാണ് എച്ച്.ജെ.എം പ്രവര്‍ത്തകര്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നത്. സ്‌കൂളില്‍ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇവരുടെ ഭീഷണി. മുന്നറിയിപ്പ് അനുസരിച്ചില്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ആരെങ്കിലും ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഹിന്ദുക്കളില്‍ നിന്ന് നിര്‍ബന്ധിച്ച് പിരിവ് വാങ്ങുരുതെന്നാണ് ഞങ്ങളുടെ ആവശ്യം. ഇക്കാര്യം സ്‌ക്കൂളുകളിലെ പ്രധാന അധ്യാപകനേയും മാനേജ്‌മെന്റിനേയും വാക്കാലും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്‌ക്കൂളുകളുടെ കണക്ക് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ പറഞ്ഞു.

സ്‌കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ഹിന്ദുക്കളാണെന്നും ഇവരില്‍ നിന്ന് പണം പിരിച്ച് മാനേജ്‌മെന്റ് കൊള്ള ലാഭം ഉണ്ടാക്കുകയാണെന്നും വിജയ് ബഹദൂര്‍ ആരോപിച്ചു. മതപരിവര്‍ത്തനം നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇത് തടയുമെന്നും അദ്ദേഹം പ്രതികരിച്ചു.

SHARE