ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിടുന്നു

തിരുവനന്തപുരം: ശമ്പളം വൈകുന്നതും പെന്‍ഷന്‍ വിതരണം തടസപ്പെട്ടതും ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ കൈവിടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ കൂട്ടരാജിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും മികച്ച ശമ്പളമുള്ള ജോലി ലഭിച്ച 606 പേരാണ് കെഎസ്ആര്‍ടിസിയില്‍നിന്ന് ജോലി രാജിവച്ചത്. ഇത്രയുംപേര്‍ ഒരുമിച്ച് കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുന്നതു മുന്‍പ് ഉണ്ടായിട്ടില്ല. ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണു ജീവനക്കാരെ മറ്റു ജോലികള്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി മാനേജ്‌മെന്റ് അംഗീകരിച്ചു.
അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, െ്രെഡവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചത്.
അതേസമയം, സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയല്ല രാജിക്കു പിന്നിലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ‘ജീവനക്കാര്‍ വിവിധ കാലയളവില്‍ രാജിവച്ചവരായിരുന്നു. ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടുപോയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി’ കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു.
‘ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ രാജി യഥാസമയം സീകരിക്കാതിരിക്കുകയും അവര്‍ ജീവനക്കാരുടെ പട്ടികയില്‍ തുടരുകയും ചെയ്യുന്നതോടെ ആവശ്യത്തിലധികം ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നുണ്ട്’ മനേജ്‌മെന്റ് വ്യക്തമാക്കുന്നു. മെച്ചപ്പെട്ട ശബളമുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും കെഎസ്ആര്‍ടിസിയില്‍നിന്നു രാജിവയ്ക്കാറുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു.

SHARE