യുവാക്കള്‍ വരും, പക്ഷേ മുതിര്‍ന്നവരെ ഒഴിവാക്കില്ല; കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി, പാര്‍ട്ടിയില്‍ യുവ നേതൃ നിരയെ അണിനിരത്താനുള്ള തന്റെ നയം വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസില്‍ നടപ്പിലാക്കാന്‍ പോകുന്ന ദിശാമാറ്റത്തെ കുറിച്ച് അദ്ധ്യക്ഷന്‍ വ്യക്തമാക്കിയത്.

ഊര്‍ജ്ജ്വസ്വലരും കര്‍മ്മ നിരതരുമായ യുവാക്കളായ പുതിയ ആളുകളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പരിചയ സമ്പത്തുള്ളവരും പ്രായമേറിയവരും ഇനി പാര്‍ട്ടിയില്‍ ആവശ്യമില്ല എന്ന അര്‍ത്ഥം ഇതിനില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു. ”ജനങ്ങളെ വിഭജിച്ച് ഭരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയതയിലേക്ക് വീണ്ടും ജനങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഉണ്ട്”, അദ്ദേഹം പറഞ്ഞു. ”ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നുവെന്നാണ് ബിജെപി കാലങ്ങളായി പ്രചരിച്ച് പോന്നിരുന്നത്. അത് തെറ്റാണ്. അവര്‍ ഇരുവരും മിത്രങ്ങളായിരുന്നു. ഒരുമിച്ച് ജയിലില്‍ കഴിഞ്ഞവരാണ്. ആര്‍എസ്എസിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചവരാണ് ഇരുവരും”, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന ശക്തമായ ആവശ്യം എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്. ജനാധിപത്യം പുനസ്ഥാപിക്കാനാണ് തന്റെ ആദ്യ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

SHARE