സുരേഷ് ഗോപിയുടെ വാദങ്ങള്‍ പൊളിയുന്നു

കൊച്ചി: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപി കൂടുതല്‍ കുരുക്കിലേക്ക്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കാര്യത്തില്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ നിരത്തിയ വാദങ്ങള്‍ തെറ്റാണെന്ന് തെളിയുന്നു. 2009 മുതല്‍ പുതുച്ചേരിയില്‍ താന്‍ വാടകയ്‌ക്കെടുത്ത ഫഌറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അറിയിച്ചത്. എന്നാല്‍, ആ ഫഌറ്റില്‍ ഇപ്പോഴും വീട്ടുടമസ്ഥന്‍ തന്നെയാണ് താമസിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പുതുച്ചേരിയിലെ എല്ലൈപുള്ളി ചാവടിയിലെ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റിലെ സി 3 എ ഫഌറ്റില്‍ 2009 മുതല്‍ താന്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് തെളിയിക്കുന്ന വാടക ചീട്ടും മുക്തിയാറുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം സുരേഷ് ഗോപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഉടമ വെങ്കിടേശനും ഭാര്യ വിജയയുമാണ് തനിക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയതെന്നും സുരേഷ്‌ഗോപി കോടതിയെ അറിയിച്ചിരുന്നു. ഉടമസ്ഥര്‍ തെങ്കാശിക്കടുത്ത് മേലാഗരത്താണ് താമസമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, മകളുടെ ചികിത്സയ്ക്കായാണ് താന്‍ തെങ്കാശിയില്‍ എത്തിയതെന്നും പുതുച്ചേരിയിലെ ഫഌറ്റില്‍ ഇപ്പോള്‍ മകനാണ് താമസമെന്നും വിജയ പറഞ്ഞു.
വര്‍ഷങ്ങളായി വെങ്കിടേശനും ഭാര്യ വിജയയും കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റിലെ സി 3 എ ഫഌറ്റിലാണ് താമസമെന്നും ഇപ്പോള്‍ മകളുടെ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് പോയതെന്നും ഇവരുടെ അയല്‍വാസി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. നികുതി വെട്ടിക്കുന്നതിനായി തന്റെ ആഡംബര കാര്‍ പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

SHARE