മുസാഫര്‍നഗര്‍ വര്‍ഗീയ കലാപക്കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിക്കും ബിജെപി എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

മുസാഫര്‍നഗര്‍: 2013ലെ മുസാഫര്‍നഗര്‍ വര്‍ഗീയ കലാപക്കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിക്കും ബി.ജെ.പി എം.എല്‍.എമാര്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണ, ബി.ജെ.പി എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മാലിക് എന്നിവരുള്‍പ്പെടെ പ്രതികള്‍ക്കെതിരെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഇവരെ പ്രോസിക്യുട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി. ജനുവരി 19ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഐ.പി.സി സെക്ഷന്‍ 153എ പ്രകാരം വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ബി.ജെ.പി മന്ത്രിക്കും എം.എല്‍.എമാര്‍ക്കുമെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ചതിനും പോലീസിന്റെ ജോലി തടസപ്പെടുത്തിയതും അടക്കം നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. എം.എല്‍.എമാരെയും മന്ത്രിയേയും വിചാരണ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

2013 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് മുസാഫര്‍നഗറില്‍ വര്‍ഗീയ കലാപം നടന്നത്. കലാപാത്തില്‍ അറുപത് പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതിനായിരത്തോളം പേര്‍ വീടുവിട്ട് പലായനം ചെയ്യുകയുമുണ്ടായി.

SHARE