സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്ക് എയ്ഡ്സ് പിടിപെടണമെന്ന്; കോണ്ടത്തിന്റെ പരസ്യം വിലക്കിയതിനെതിരേ നടി

മുംബൈ: ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ബോളിവുഡ് താരം രാഖി സാവന്ത്. കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിലൂടെ താന്‍ ചെയ്യുന്നത് സാമൂഹിക പ്രവര്‍ത്തനമാണെന്ന് രാഖി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ഇനിയും ഗര്‍ഭനിരോധന ഉറകളുടെ പരസ്യം ധാരാളം ഉണ്ടാകേണ്ടതാണെന്നും എത്രത്തോളം ബോധവത്കരണം നല്കാന്‍ സാധിക്കുന്നുവോ അത്രത്തോളം മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കുമെന്നും രാഖി സാവന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

സണ്ണി ലിയോണും ബിപാഷ ബസുവും ഗര്‍ഭനിരോധന ഉറയുടെ പരസ്യം ചെയ്തപ്പോള്‍ സര്‍ക്കാര്‍ അത് സെന്‍സര്‍ ചെയ്തില്ല. എന്നാല്‍ ഞാന്‍ ചെയ്ത പരസ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ സര്‍ക്കാര്‍ ആറിനും പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. സര്‍ക്കാരിനെന്താ പേടിയാണോ? പരസ്യം കാണാതെ തന്നെ പകല്‍ നേരത്ത് അതിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യമെന്താണ്? ഗര്‍ഭനിരോധന ഉറയുടെ പരസ്യം വേണ്ടെന്ന് വച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം തന്നെ എയ്ഡ്സ് പിടിപെടും. ജനങ്ങള്‍ക്ക് എയ്ഡ്സ് പിടിപെടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു- രാഖി പറയുന്നു.

SHARE