സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു, ചികിത്സ നിഷേധിച്ചത് രേഖകളില്ലെന്നു ചൂണ്ടിക്കാട്ടി

ഭുവനേശ്വര്‍: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച ആദിവാസി യുവതി ആശുപത്രി പരിസരത്തെ ഓവുചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രി കാന്റീന് സമീപത്തെ ഓവുചാലില്‍ വച്ചാണ് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ജനിഗുഡ ഗ്രാമസ്വദേശിനിയാണ് യുവതി.

ജനിഗുഡ ഗ്രാമത്തിലെ യുവതിയാണ് ആശുപത്രി അധികൃതരുടെ അലംഭാവം കാരണം ഓവു ചാലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ നവജാത ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. അതേസമയം യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. അമ്മയ്ക്കും സഹോദരിക്കും ഒപ്പമായിരുന്നു ഇവരെത്തിയത്. ആ സമയത്ത് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചെന്നെങ്കിലും മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു.

എന്നാല്‍ പരിശോധനയ്ക്കോ പ്രവേശനത്തിനു വേണ്ടിയോ യുവതി ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നും പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ റാത്ത് പറഞ്ഞു.

SHARE