വിശ്വാസം കൈവിടാത്ത ആരാധകര്‍ക്ക് നന്ദി, ഇനിയും ഒരുപാട് മെച്ചപ്പെടുത്താനുണ്ട്: ഗോളടിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സികെ വിനീത്

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ വലചലിപ്പിച്ച സികെ വിനീത് ഒറ്റ മത്സരത്തോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്.ഗോളടിച്ച് ടീമിന്റെ വിജയശില്‍പ്പിയായ വിനീത് ട്വിറ്ററില്‍ ഇങ്ങിനെ കുറിച്ചു. വിലയലേറിയ മൂന്ന് പോയിന്റുകള്‍ ഇന്ന് സ്വന്തമാക്കി. സ്‌കോര്‍ഷീറ്റിലെത്താന്‍ സാധിച്ചതില്‍ സന്തോഷം. പക്ഷെ ഇനിയും ഒരുപാട് ജോലിയുണ്ട്. പഠിക്കാനും മെച്ചപ്പെടുത്താനും ഇനിയുമുണ്ട്. തങ്ങളില്‍ വിശ്വാസം കൈവിടാത്ത ആരാധകര്‍ക്ക് നന്ദി. വിനീത് വ്യക്തമാക്കി.

റിനോ ആന്റോ നല്‍കിയ അത്യുഗ്രന്‍ ക്രോസിന് അതിലും ഗംഭീരമായ ഒരു ഫ്ളെയിങ് ഹെഡറിലൂടെ വലയിലെത്തിച്ചാണ് വിനീത് കൊച്ചി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ കാണികള്‍ ആവശ്യപ്പെട്ടത് നല്‍കിയത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയും ഒരു ജയവുമായി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ നാല് മത്സരത്തിലും ഏറെ പഴികേട്ടാണ് അഞ്ചാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ സ്വന്തം കാണികള്‍ക്കു മുന്നിലിറങ്ങിയത്.സൂപ്പര്‍ താരം ബെര്‍ബറ്റോവില്ലാതെ എങ്ങിനെ എന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍, ബ്ലാസ്റ്റേഴ്സ് നിരയില്‍ സികെ 13ന്റെ ദിനമായിരുന്നു ഇന്നലെ.

SHARE