അമ്മയ്ക്ക് പടിയിറക്കം; മകന് പട്ടാഭിഷേകം.. ! കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിലാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണചടങ്ങ് നടക്കുക. കോണ്‍ഗ്രസിലെ തലമുറമാറ്റം സമ്പൂര്‍ണ ആഘോഷമാക്കി മാറ്റാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്.

രാവിലെ പത്തരയോടെ തുടങ്ങുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. സോണിയയുടെ അധ്യക്ഷപ്രസംഗത്തോടെയാവും ചടങ്ങ് തുടങ്ങുക.സോണിയയയുടെ ‘വിടവാങ്ങല്‍’ പ്രസംഗം രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. തുടര്‍ന്ന് രാഹുല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയക്ക് കൈമാറും ശേഷം ചുമതലയേല്‍ക്കുന്ന രാഹുല്‍ അംഗങ്ങളെ അഭിസംബോധന ചെയ്യും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി അധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ രാഹുലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

SHARE