അള്‍ട്രാസൗണ്ട് സ്‌കാനിങ്, ശസ്ത്രക്രിയ, റേസിങ് ട്രാക്ക്…! ഒട്ടകങ്ങള്‍ക്കായി ആശുപത്രി റെഡി; ചെലവ് എത്രയെന്നോ..?

ദുബായ്: അറബ് സംസ്‌ക്കാരത്തില്‍ ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണ് ഒട്ടകങ്ങള്‍ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ആവശ്യത്തിന് പ്രാധാന്യവും സംരക്ഷണവും ഒട്ടകങ്ങള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഈ പുതിയ സംരംഭം. ഒട്ടകങ്ങള്‍ക്ക് വേണ്ടി മാത്രമായി ലോകത്തെ ആദ്യ ആശുപത്രി ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. അന്താരാഷ്ട്ര നിലവാരമുള്ള മൃഗ ഡോക്ടര്‍മാരെ ഇവിടെ നിയമിച്ചിട്ടുണ്ട്. നാല് കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച ആശുപത്രിയില്‍ ഒരേ സമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാം. ഒട്ടകങ്ങളുടെ ഓട്ടമല്‍സരവും സൗന്ദര്യ മല്‍സരവും നടക്കുന്ന പ്രദേശങ്ങളില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലയാണ് മികച്ച ഒട്ടകങ്ങള്‍ക്ക് ലഭിക്കാറ്.

ഒട്ടക ഓട്ടം നടത്തി ആനന്ദിക്കുക മാത്രമല്ല മറിച്ച് അവക്ക് അര്‍ഹമായ പരിചരണം നല്‍കേണ്ടത് കൂടിയുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു. ചികില്‍സ പൂര്‍ത്തിയായ ഒട്ടകങ്ങളെ ഓടിക്കാന്‍ ചെറിയ റേസിങ് ട്രാക്കും ആശുപത്രിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് 1000 ഡോളറും എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ് എന്നിവക്ക് 110 ഡോളറുമാണ് ഫീസ് ഈടാക്കുന്നത്. ഒട്ടകങ്ങള്‍ക്ക് ആവശ്യമായ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ട സഹായങ്ങളും ആശുപത്രി നല്‍കുന്നുണ്ട്.

SHARE