ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍…! ആന്റിമാരുടെ ബര്‍ത്ത്‌ഡേ പറഞ്ഞാല്‍ കസബ പ്രദര്‍ശിപ്പിക്കാം… പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും അധിക്ഷേപിച്ച് കസബയുടെ നിര്‍മാതാവ്

കൊച്ചി: നടി പാര്‍വതിക്കും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനും എതിരേ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി മമ്മൂട്ടി ചിത്രം കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്.

രണ്ട് നായികമാരേയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് ജോബിയുടെ ഫേയ്സ്ബുക് പോസ്റ്റ്. ഇരുവരുടേയും പിറന്നാള്‍ തിയതി പറയുകയാണെങ്കില്‍ തന്റെ വക പിറന്നാള്‍ സമ്മാനമായി നിറഞ്ഞ സദസില്‍ കസബ പ്രദര്‍ശിപ്പിക്കാമെന്നും ജോബി ജോര്‍ജ് പറയുന്നു.

മമ്മൂട്ടിയേയും അദ്ദേഹം നായകനായെത്തിയ കസബയേയും വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കസബ സംവിധായകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് താരത്തിനെതിരേ രംഗത്തെത്തിയത്.
ചിത്രത്തെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ആക്രമിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം പാര്‍വതി രംഗത്തെത്തിയിരുന്നു. താന്‍ സിനിമയെയും അതിലെ കഥാപാത്രത്തെയും വിമര്‍ശിച്ചത് ഇന്ത്യയിലെ മഹാനായ ഒരു നടന് എതിരെയാക്കി മാറ്റിയതിന് ഓണ്‍ലൈന്‍ പത്രങ്ങളാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. എഫ്.എഫ്‌കെയില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പാര്‍വതി സംസാരിച്ചത്. ഇത് പിന്നീട് പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന വാര്‍ത്തയായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

SHARE