കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി: അവിഹിത ബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കാജല്‍ ആണ് സ്വന്തം അമ്മയുടെ കൈകളാല്‍ ക്രൂരമായി കൊല്ലപ്പെടുന്നത്. 29 കാരിയായ അമ്മ മുന്നിദേവിയും 23 കാരനായ കാമുകന്‍ സുധീറുമാണ് ആസൂത്രിതമായി കൊല നടത്തിയത്.

ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കാണാനിടയായി. ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. കാമുകനാണ് കഴുത്തറുത്തത്. അമ്മ ഇരുകൈകളും പിടിച്ച് വെക്കുകയും ചെയ്തു.

കാജലിന് പുറമെ ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് മക്കള്‍ കൂടിയുണ്ട്. ഗരത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് സുധീര്‍ വീട്ടിലേക്കെത്തിയത്. ഇത് മകള്‍ കണ്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കാജലിന്റെ നാല് വയസുള്ള സഹോദരനാണ് കൊലപാതകത്തെക്കുറിച്ച് സൂചന നല്‍കിയത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കാജലിന്റെ നാലുവയസുകാരനായ സഹോദരന്‍ കൂര്‍ത്ത ധരിച്ച ഒരാള്‍ ചേച്ചിയെ കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അമ്മ മുന്ന പറഞ്ഞത്. തുടര്‍ന്ന് കൊലയാളിയെ കണ്ടെത്താന്‍ സമീപവാസികളെയെല്ലാം പോലീസ് ചോദ്യം ചെയ്തു. മന്ത്രവാദ ക്രിയനടത്താന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നു സ്ഥാപിക്കാനാണ് മുന്ന അത്തരം ഒരു കള്ളം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സമീപവാസികളെല്ലാം ഈ പ്രദേശത്ത് മന്ത്രവാദക്രിയകളൊന്നും നടത്തുന്നതിനെ കുറിച്ച് അറിയില്ലെന്ന് പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അമ്മയേയും കാമുകനേയും കുടുക്കിയത്.

SHARE