മധ്യപ്രദേശില്‍ ക്രിസ്തുമസ് കാരള്‍ സംഘത്തെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു, വൈദികരുടെ കാര്‍ കത്തിച്ചു, കാരള്‍ സംഘത്തെ സ്റ്റേഷനില്‍ പിടിച്ചുവച്ച് പോലീസ്

സത്‌ന: മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരള്‍ സംഘത്തെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. സത്ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാരള്‍ പോയ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘത്തെയാണ് തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പിന്നീട് പുലര്‍ച്ചെ നാലോടെയാണ് ഇവരെ വിട്ടയച്ചത്. രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവരോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ എത്തിയ വൈദികരുടെ കാറിന് അക്രമികള്‍ തീയിട്ടു. ഗ്രാമങ്ങളില്‍ മതംമാറ്റത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബജ്രംഗ്ദള്‍ ആക്രമണം നടത്തിയത്.

സത്‌ന സെമിനാരിയില്‍നിന്നു ട്യൂഷന്‍ നല്‍കാനും സാമൂഹ്യസേവനത്തിനും പതിവായി പോകുന്ന ഗ്രാമത്തില്‍ ഇന്നലെ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാന്‍ എത്തിയ ടീമിനെ പുറത്തു നിന്നെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയാന്‍ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 25 വര്‍ഷമായി നടക്കുന്നതാണ് ഈ ഗ്രാമങ്ങളിലെ ക്രിസ്മസ് പരിപാടികള്‍.

എന്നാല്‍, ഇന്നലെ പരിപാടി അവസാനഘട്ടത്തിലെത്തിയപ്പോള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

SHARE