നയാ പൈസയില്ലാ….

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് സര്‍ക്കാരിപ്പോള്‍. പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കടമായും മുന്‍കൂര്‍ വായ്പയായും 3,000 കോടിയോളം രൂപ വിവിധ വകുപ്പുകളില്‍ നിന്നു സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. അടുത്തമാസം കേന്ദ്രത്തില്‍ നിന്നു വായ്പയെടുക്കുന്നതിനു പുറമെയാണ് ഉടന്‍ പണം സമാഹരിക്കുന്നത്. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും കെഎസ്എഫ്ഇയില്‍ നിന്നുമായി 1700 കോടി വായ്പയെടുക്കാനും ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്ന് 1000 കോടി രൂപ മുന്‍കൂര്‍ നികുതി വാങ്ങാനുമാണു തീരുമാനം.
കടുത്ത ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ക്ഷേമപെന്‍ഷന്‍ വിതരണമടക്കം തടസ്സപ്പെടുമെന്ന സാഹചര്യത്തിലാണു ധനവകുപ്പിന്റെ പുതിയ നീക്കം. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നായി 1200 കോടിരൂപ വായ്പയെടുക്കും. കെട്ടിടനിര്‍മാണം, അബ്കാരി, ചെത്തുതൊഴിലാളി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നു വായ്പയെടുക്കുന്നതിനു ധനമന്ത്രി സിപിഎമ്മിന്റെ അനുമതി തേടിയിട്ടുണ്ട്.
ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുന്ന കെഎസ്എഫ്ഇ ചിട്ടിതുകയില്‍ നിന്ന് 500 കോടിരൂപയും വായ്പയായി എടുക്കും. ഇതിന് പുറമെ ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്ന് 1000 കോടിരൂപയെങ്കിലും മുന്‍കൂര്‍നികുതിയായി നല്‍കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE