25 ലക്ഷം ആവശ്യപ്പെട്ട് യുവതിയുടെ ഭീഷണി; മുഴുവന്‍ തെളിവുകളും ഹാജരാക്കാമെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇതു സംബന്ധിച്ച് തന്റെ പക്കലുള്ള മുഴുവന്‍ തെളിവുകളും ഹാജരാക്കാമെന്നു ചേരാനെല്ലൂര്‍ പൊലീസിനെ അറിച്ചിട്ടുണ്ടെന്ന് ഉണ്ണി പറഞ്ഞു.ഫോണ്‍ വിളിച്ചതുള്‍പ്പെടെയുള്ള തെളിവുകളാണ് ഉണ്ണി ഹാജരാക്കുക. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ചേരാനെല്ലൂര്‍ എസ്ഐ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയും അവരുടെ സുഹൃത്തുകളും ചേര്‍ന്നു പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നുകാട്ടി നടന്‍ ഒറ്റപ്പാലം പൊലീസിനു പരാതി നല്‍കിയിരുന്നു. സംഭവം നടന്നത് ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ ഒറ്റപ്പാലം പൊലീസ് കേസ് കൈമാറുകയായിരുന്നു.

നേരിട്ടും ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണു നടന്‍ പരാതി നല്‍കിയത്. നടന്‍ ഹാജരാക്കുന്ന തെളിവുകള്‍ ബോധ്യമായാല്‍ തുടര്‍ നടപടികള്‍ എത്രയും വേഗം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.കുന്നുംപുറത്തെ ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയും സുഹൃത്തും കഥപറയാന്‍ എന്ന പേരില്‍ തന്നെ സമീപിച്ചെന്നും തിരക്കഥ കേട്ടശേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നു യുവതിയെ അറിയിച്ചിരുന്നെങ്കിലും ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണു നടന്റെ പരാതി.

SHARE