ദുബായില്‍ അവിവാഹിതയായ ഫിലിപ്പീന്‍ യുവതി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയില്‍ ശ്വാസംമുട്ടിച്ചു കൊന്നു

ദുബായ്: 32 വയസുള്ള അവിവാഹിതയായ ഫിലിപ്പീന്‍ യുവതി പ്രസവിച്ചു. ഉടന്‍തന്നെ കുഞ്ഞിനെ ശുചിമുറിയില്‍ വച്ചുതന്നെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കുഞ്ഞിന്റെ വായില്‍ തുണിതിരുകി കൊലപ്പെടുത്തിയെന്ന കാര്യം യുവതി സമ്മതിച്ചത്. സെപ്റ്റംബര്‍ 16ന് സ്‌പോണ്‍സറുടെ സഹോദരിയുടെ അല്‍ ഖാസിസിലുള്ള ഫ്‌ലാറ്റില്‍ വച്ചാണ് സംഭവം നടന്നതെന്നും യുവതി പറഞ്ഞു.
കേസില്‍ ഏറെ നിര്‍ണായകമായത് ഫിലിപ്പീന്‍ യുവതിയുടെ സ്‌പോണ്‍സറുടെ സഹോദരിയും എയര്‍ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ്. ‘സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിന്‍ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നു പറഞ്ഞു. തുടര്‍ന്ന് ശുചിമുറിയില്‍ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവില്‍ പുറത്തുവന്നപ്പോള്‍ അവരുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു.
അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു. ഒരു കസേരയില്‍ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാല്‍ ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലന്‍സ് വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടര്‍ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും’– സ്‌പോണ്‍സറുടെ സഹോദരി കോടതിയില്‍ പറഞ്ഞു.
നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗില്‍ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫോറന്‍സിക് പരിശോധനയില്‍ ജനിച്ച കുഞ്ഞ് ആരോഗ്യവാന്‍ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.

SHARE