രോഹിത് കൊടുംകാറ്റില്‍ കടപുഴകി ലങ്ക; ഇന്ത്യക്ക് 141 റണ്‍സിന്റ പടുകൂറ്റന്‍ ജയം

മൊഹാലി: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മൂന്നാം ഇരട്ട സെഞ്ചുറി കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 392 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക എട്ടു വിക്കറ്റിന് 251 റണ്‍സിന് വെല്ലുവിളി അവസാനിപ്പിച്ചു.

മുന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി മാത്രമാണ് ലങ്കയ്ക്ക് ആശ്വാസത്തിനു വക നല്‍കിയത്. സ്‌കോര്‍: ഇന്ത്യ-392/4 (50 ), ലങ്ക-251/8 (50 ).ഇന്ത്യയുടെ റണ്‍മല പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാം ഓവറില്‍ ഓപ്പണര്‍ തരംഗ (7) വീണു. പത്ത് ഓവര്‍ തികയ്ക്കും മുമ്പ് ഗുണതിലകയും (16) പുറത്തായി. ഇതോടെ ക്രീസിലെത്തിയ മാത്യൂസ് ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ച തുടര്‍ന്നതോടെ ലങ്ക ജയം കൈവിട്ടു.

മാത്യൂസിനെ കൂടാതെ അസേല ഗുണരത്‌നയും (34) നിരോഷന്‍ ഡിക്വെല്ലയും (22) മൂന്നാമനായെത്തിയ തിരമന്നയും (21) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ചാണ്ഡിമല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംമ്ര രണ്ടു വിക്കറ്റ് സ്വന്തമാക്കി. പുതുമുഖ താരം വാഷിംഗ്ടണ്‍ സുന്ദര്‍ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.

SHARE