കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു കത്തിച്ചു, കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു വികൃതമാക്കി കബളിപ്പിച്ചു; യുവതി കുടുങ്ങിയത് മട്ടണ്‍ സൂപ്പിന്റെ രൂപത്തില്‍…

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനെ ഭര്‍ത്താവാക്കി വേഷം കെട്ടിച്ച ഹൈദരാബാദിലെ വിചിത്ര കൊലപാതക കേസിന്റെ ചുരുളഴിച്ചത് ഒരു മട്ടണ്‍ സൂപ്പ്. ഹൈദരാബാദിലാണ് പൊലീസിനെ പോലും ഞെട്ടിച്ചുകൊണ്ടുളള കൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

27 കാരിയായ സ്വാതി നഗര്‍കുര്‍നൂളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. 3 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സ്വാതിയും സുധാകര്‍ റെഡ്ഡിയും തമ്മിലുളള വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. സ്വാതിക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രാജേഷ് എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

നവംബര്‍ 27ന് സ്വാതിയും കാമുകനും ചേര്‍ന്ന് റെഡ്ഡിയെ അനസ്തേഷ്യ നല്‍കി മയക്കി കിടത്തിയ ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കത്തിച്ചു. എന്നാല്‍ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ധരിപ്പിക്കാന്‍ കാമുകനായ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷം രാജേഷ് തന്റെ ഭര്‍ത്താവായ റെഡ്ഡിയാണെന്ന് അവര്‍ വീട്ടുകാരെ കബളിപ്പിച്ചു. ഭര്‍ത്താവിനെ അജ്ഞാതര്‍ ആസിഡൊഴിച്ചു പൊള്ളിച്ചുവെന്നായിരുന്നു ഇവര്‍ പോലീസിനോട് കള്ളം പറഞ്ഞത്.

എന്നാല്‍ ആശുപത്രിയില്‍ പൊളളലേറ്റ് ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് മട്ടണ്‍ സൂപ്പ് നല്‍കിയപ്പോള്‍ രാജേഷ് കഴിക്കാന്‍ വിസമ്മതിച്ചു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വാതിയുടെ ഭര്‍ത്താവ് നോണ്‍ വെജിറ്റേറിയനാണെന്ന് ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞു. ഇതിനുപിന്നാലെ രാജേഷിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ ബന്ധുക്കള്‍ തങ്ങളാരൊക്കെയാണെന്ന് പറയാന്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ രാജേഷ് സംസാരിക്കാതെ കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. സ്വാതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകന്‍ രാജേഷിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം പുറത്തായത്.

സ്വാതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2014 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തില്‍ നിന്നും പ്രചോദനം കൊണ്ടാണ് സ്വാതി കാമുകനെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഭര്‍ത്താവ് റെഡ്ഡിയാക്കി മാറ്റാന്‍ കഴിയുമെന്ന് കരുതിയത്. ചികില്‍സയ്ക്കുശേഷം ആശുപത്രിയില്‍ കഴിയുന്ന രാജേഷിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

SHARE