ഫഹദ് ഫാസിലിനെ കടത്തിവെട്ടി എനിക്ക് അഭിനയിക്കാന്‍ കഴിയില്ല….!

ഫഹദ് ഫാസിലിനെ കടത്തിവെട്ടി എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് ശിവകാര്‍ത്തികേയന്‍. ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍, നയന്‍താര, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നായകനായ ശിവകാര്‍ത്തികേയന്‍ ഫഹദിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ഒരു ഇന്റര്‍നാഷണല്‍ നടനാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിച്ചതില്‍ സന്തോഷമുണ്ടെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ശിവകാര്‍ത്തികേയന്റെ വാക്കുകള്‍ ഇങ്ങനെ…

ഫഹദ് ഫാസിലാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കഥാപാത്രം അഭിനയിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. അദ്ദേഹം ശരിക്കും ഒരു ഇന്റര്‍നാഷണല്‍ ആക്ടറാണ്. ഹോളിവുഡില്‍ അദ്ദേഹത്തെ കൊണ്ട് പോയി ഞങ്ങളുടെ നാട്ടിലെ നടനാണ് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇദ്ദേഹത്തോടൊപ്പം അഭിനയിക്കാം എന്ന് എനിക്ക് ധൈര്യപൂര്‍വം പറയാന്‍ കഴിയും.
അദ്ദേഹത്തിന്റെ കണ്ണിന്റെ ചലനങ്ങള്‍ ചെറിയ രീതിയിലാണെങ്കിലും ഒരുപാട് അര്‍ത്ഥങ്ങള്‍ നിറഞ്ഞതാണ്. ഈ സിനിമയില്‍ ഞാന്‍ ഒരിക്കല്‍ പോലും ഫഹദ് ഫാസിലിനൊപ്പം മത്സരിച്ച് അഭിനയിക്കണമെന്ന് വിചാരിച്ചിട്ടില്ല. അറിവ് എന്ന എന്റെ കഥാപാത്രവും ആദി എന്ന അദ്ദേഹത്തിന്റെ കഥാപാത്രവും ഒരുമിച്ച് അഭിനയിക്കുമ്പോഴും എന്താണോ സീന്‍ അത് അഭിനയിക്കുക എന്ന് മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്.
ഫഹദ് ഫാസിലിനെ കടത്തിവെട്ടി എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അറിയാം. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്നത് ഞാന്‍ ആസ്വദിച്ചു തുടങ്ങി. പലതും അദ്ദേഹത്തില്‍ നിന്നും പഠിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയതിന് സംവിധായകന് നന്ദി അറിയിക്കുന്നു.

കാരണം, ഫഹദിനെപ്പോലുള്ള ഒരാളെ എന്റെ എതിര്‍ഭാഗത്ത് നിര്‍ത്തിയില്ലെങ്കില്‍ എനിക്ക് ഇത്രയും മികച്ച അഭിനയം കാഴ്ച്ചവെക്കാന്‍ കഴിയുമായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹം ഇപ്പോള്‍ എന്റെ നല്ല സുഹൃത്തായി മാറിയിരിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്.

SHARE